നഷ്ടപ്രണയത്തിലൂടെയുള്ള സ്വത്വാന്വേഷണം....✨
"മധുരയെപ്പറ്റി സംസാരിക്കുമ്പോൾ സുഭദ്രേ നീ മറ്റൊരാളായി മാറുന്നു "
നഷ്ടപ്രണയത്തിന്റെ തീവ്രാനുഭവങ്ങൾ ആവിഷ്ക്കരിക്കുന്ന മാധവിക്കുട്ടിയുടെ പ്രശസ്തമായ കഥയാണ് ' നഷ്ടപ്പെട്ട നീലാംബരി '. കാലം സമ്മാനിച്ച ജീവിതവഴികളിലൂടെ സുഭദ്ര എന്ന കഥാപാത്രം യാത്ര നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇടറിവീണു പോവുന്നു. തനിക്ക് താനാവാതെ കഴിയേണ്ടി വരുന്നു. ഈ അവസ്ഥയ്ക്ക് നിദാനമായ സംഭവത്തെ കേന്ദ്രീകരിച്ചാണ് ' നഷ്ടപ്പെട്ട നീലാംബരി ' വികസിക്കുന്നതും മറ്റു ജീവിതയാഥാർഥ്യങ്ങളെ സ്പർശിക്കുന്നതും.
ശാസ്ത്രീകളോടുള്ള സുഭദ്രയുടെ തീക്ഷ്ണമായ പ്രണയം സാക്ഷാത്ക്കരിക്കപ്പെടാതെ പരാജിതയാവുന്നു. അത് അവളെ മധുര എന്ന പറുദീസയിൽ നിന്ന് പുറത്താക്കുന്നു. പുതിയ ഒരു ജീവിതം ആവശ്യപ്പെടുന്നു. എന്നാൽ അതിനോട് സമരസപ്പെട്ടുപോവാൻ അവൾക്കാവുന്നില്ല. കൃത്രിമമായ വ്യക്തിത്വവും പേറി അവൾ ജീവിക്കുന്നു.
കഥയിൽ ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ കൃത്യമായ ഒരു ചിത്രം നാം കാണുന്നു. മേനോൻ ആഗ്രഹിക്കുന്നതുപോലെ ഒരു ഭാര്യയാവാൻ സുഭദ്രയ്ക്കും സുഭദ്ര ആഗ്രഹിക്കുന്നതുപോലെ ഒരു ഭർത്താവാകാൻ മേനോനും സാധിക്കുന്നില്ല.
"നീ നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്നത് നിന്റെ രോഗികളോട് മാത്രമാണ് "
എന്ന് മേനോൻ പത്നിയോട് പരിഭവപ്പെടുന്നുണ്ട്.
തീവ്രമായ പ്രണയമാണ് ആത്മാർത്ഥതയെ സൃഷ്ടിക്കുന്നത്. അവ തന്നെയാണ് ആഗ്രഹങ്ങളെ ഉത്പാദിപ്പിക്കുന്നതും. സുഭദ്ര ജോലിയിൽ തികഞ്ഞ ആത്മാർത്ഥത പുലർത്തുന്നത് ഇക്കാരണത്താലാണ്. അകന്നുപോയ പ്രണയസ്മരണകളെ അതിജീവിക്കുന്നതും ഈ വഴിയിലൂടെയാണ്. എന്നാൽ ഈ സത്യസന്ധമായ ഇടപെടൽ ഭർത്താവുമായി സുഭദ്രയ്ക്ക് സാധ്യമാകാത്തത് ആഴമേറിയ പ്രണയത്തിന്റെ അഭാവം കൊണ്ടാണെന്നത് തീർച്ച. മനസ്സുകൊണ്ട് ഭാര്യയെ സ്വന്തമാക്കാൻ കഴിയാതെപോയ ഭർത്താവാണ് മേനോൻ. അതയാളെ വളരെ പോസ്സസീവായ, സന്ദേഹിയായ ഭർത്താവാക്കിത്തീർക്കുന്നു. ശ്രീകോവിലിൽ വിഗ്രഹദർശനത്തിനായി ശ്രമിക്കുമ്പോൾ ഏതെങ്കിലും പുരുഷൻ തന്റെ തന്റെ ഭാര്യയെ അറിയാതെ തന്നെ സ്പർശിച്ചുപോയാൽ മേനോൻ കയർക്കുന്നത് ഇതിനുദാഹരണമാണ്.
മേനോനോടൊപ്പം തന്നെ ചേർത്തുവച്ചു വായിക്കേണ്ട ഒരു കഥാപാത്രമാണ് ശാസ്ത്രികളുടെ പത്നിയായ ജ്ഞാനം. ഭാര്യയുടെ പ്രണയത്തെക്കുറിച്ചുള്ള അജ്ഞതനിമിത്തം നിസ്സഹായനായിത്തീരുന്ന മേനോനിൽ നിന്ന് വ്യത്യസ്തമായി സുഭദ്രയുടെ പ്രണയത്തെക്കുറിച്ചുള്ള അറിവ് മൂലം ചിത്തഭ്രമത്തിനടിമയായിത്തീരുകയാണ് ജ്ഞാനം. " സുഭദ്രയ്ക്ക് മാത്രമേ ധ്യായാമി പഠിപ്പിച്ചുകൊടുത്തിട്ടുള്ളൂ " എന്നും " മഹേശ്വരസ്തുതി പഠിക്കാനുള്ള പക്വത നിനക്കായിട്ടില്ലെന്നും " ജ്ഞാനത്തോട് ശാസ്ത്രികൾ പറയുന്നതിൽ ഊഹിച്ചെടുക്കാമല്ലോ എല്ലാം.
പ്രണയം കൊണ്ട് മുറിവേറ്റ ഒരു കൂട്ടം മനുഷ്യരെ ഈ കഥയിൽ കാണാനാവും. എന്നാൽ നഷ്ടപ്രണയത്തിലൂടെ സ്വന്തം സ്വത്വം ഇല്ലാതായ വ്യക്തിയാണ് സുഭദ്ര. കാരണം മുപ്പത്തിമൂന്നു വർഷങ്ങൾക്കുശേഷം മുല്ലയും പിച്ചകവും മണക്കുന്ന തെരുവുകളിൽ, മധുരമീനാക്ഷിക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങളിൽ അവൾ അന്വേഷിച്ചത് നീലാംബരിയെ മാത്രമായിരുന്നില്ല. തന്റെ സ്വത്വം തന്നെയായിരുന്നു. എന്നാൽ കഥാന്ത്യത്തിൽ ആ സ്വത്വത്തിലേയ്ക്ക് പ്രവേശിക്കാനുള്ള സാഹചര്യം വന്നുചേർന്നെങ്കിലും അവ നേടാനാവാതെ ഏൽപ്പിക്കപ്പെട്ട ജീവിതകടമകളെ ആശ്ലേഷിച്ചു മുന്നോട്ടു പോവുക എന്ന ജീവിതാഹ്വാനത്തിന്റെ ആജ്ഞാനുവർത്തിയായിത്തീരുന്നു കഥാനായിക.



