മനുഷ്യായുസ്സിന് ഒരു ആമുഖം.. 🌿
ജീവിതമെന്താണ്? പിന്നിൽ ഇടതിങ്ങിയ കുറ്റിക്കാട്, മുന്നിൽ, ദുർഗ്ഗമമായ വനം അജ്ഞതയുടെ അന്ധകാരത്തിൽ അത് കൂടുതൽ ഭയാനകമായിത്തോന്നും. ഒറ്റപ്പെട്ട ഏതെങ്കിലും നക്ഷത്രത്തിന്റെ മങ്ങിയ പ്രകാശം വല്ലപ്പോഴും ഈ വനത്തിലെ ഒറ്റയടിപ്പാതവരെ എത്തിയെന്നും വരാം .ഈ ഒറ്റയടിപ്പാതകളിലൂടെയുള്ള മനുഷ്യന്റെ യാത്രയ്ക്കാണ് ജീവിതം എന്ന് പറയുന്നത്.
(യയാതി-വി എസ് ഖാണ്ഡേക്കർ)
മനുഷ്യപ്രരൂപത്തിന്റെ ജൈവസവിശേഷതകൾ അനാവരണം ചെയ്യുന്ന കൃതിയാണ് സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം. അതിൽ നിസ്സഹായതയുടെയും ഒറ്റപ്പെടലിന്റെയും ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഭോഗത്തിന്റെയും പ്രണയത്തിന്റെയും പ്രണയനിരാസത്തിന്റെയും പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും എന്നിങ്ങനെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ഒട്ടേറെ ഘടകങ്ങളുടെ സാന്നിധ്യം കാണാം. വിധിതീർപ്പുകളുമില്ല ഉത്തരംതേടലുമില്ല. ജീവിതയാഥാർഥ്യങ്ങൾ തുറന്നുകാട്ടാനുള്ള വാതായനം മാത്രം. മോഹം,വികാരം, സമൂഹം, രാഷ്ട്രീയം മുതലായവയുടെ ഭ്രംശമാണ് സി വി ബാലകൃഷ്ണന്റെ വിഷയങ്ങൾ. കാലത്തിന്റെ രഥ്യകളിലെ യാത്രികനായ മനുഷ്യന്റെ ആത്മദാഹങ്ങളെ ചിത്രീകരിക്കുക എന്ന ദൗത്യമാണ് ആയുസ്സിന്റെ പുസ്തകം എന്ന നോവലിൽ അദ്ദേഹം നിർവഹിക്കുന്നത്. അത് രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയ്ക്കപ്പുറം പച്ചയായ നൊമ്പരങ്ങളുടെ ഹൃദയാവിഷ്കാരമാണ്. അടക്കാനാവാത്ത മോഹങ്ങളുടെ ആഖ്യാനം. ഇതിൽ ആഗ്രഹങ്ങൾ പൂർത്തീകരിച്ചവരില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നവരില്ല. കാമനകളുടെ ഭ്രംശമേറ്റ് പിടയുന്ന മനുഷ്യരെയാണ് അദ്ദേഹം വിഷയമാക്കുന്നത്. ആരാണ് പാപി? ആരാണ് പുണ്യവാൻ എന്ന് കൃത്യമായി പറയാനാവാത്തവിധത്തിൽ ജീവിതത്തിന്റെ സങ്കീർണ്ണസ്വഭാവം ഈ നോവലിലൂടെ തെളിഞ്ഞുവരുന്നു. അന്തമില്ലാത്ത സ്നേഹത്തിന്റെയും ഭോഗത്തിന്റെയും കാലുഷ്യത്തിന്റെയും ശത്രുതയുടെയും ഗുഹകൾ ഹൃദയത്തിൽ വഹിക്കുന്ന മനുഷ്യമുഖങ്ങൾ ഇതിലുണ്ട്. ഭോഗിയായ മനുഷ്യന്റെ വേദാന്തമാകുന്നു ആയുസ്സിന്റെ പുസ്തകം.
ബൈബിൾഭാഷയുടെ ചൈതന്യം ആവാഹിച്ചുകൊണ്ട് പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും കഥകൾ പറയുന്ന നോവലിൽ ആകെ 115 ചെറിയ അധ്യായങ്ങളാണുള്ളത്. ബൈബിളും കഥാപാത്രങ്ങളും പള്ളിയും സമൂഹവും പ്രകൃതിയും ഇതിൽ നിറഞ്ഞുനിൽക്കുന്നു. കഥ ആരംഭിക്കുന്നത് റാഹേൽ എന്ന കൗമാരക്കാരിയായ പെൺകുട്ടി കരഞ്ഞോടിവരുന്നിടത്താണ്. ആനിയും യോഹന്നാനും ആ കാഴ്ച കാണുന്നു. റാഹേലിനോട് എന്താണ് സംഭവിച്ചതെന്നും അവർ അന്വേഷിക്കുന്നു. യോഹന്നാന്റെയും ആനിയുടെയും പിതാവാണ് തോമാ. തോമയുടെ അച്ഛനും അവരുടെ മുത്തച്ഛനുമാണ് പൗലോ. പൗലോ തോമയെ മർദ്ദിക്കുന്ന കാഴ്ചയാണ് ആനിയും യോഹന്നാനും യാക്കൂബും മറ്റുള്ളവരും കാണുന്നത്. ഒരു കത്തിക്കുത്ത് കേസിൽ തോമാ പ്രതിയായിരുന്നെങ്കിലും വളരെ പശ്ചാത്താപം നിറഞ്ഞ ജീവിതമാണ് തുടർന്ന് അയാൾ നയിച്ചിരുന്നത്. അങ്ങനെയുള്ളയാൾ പൗലോയോട് ഇങ്ങനെ പെരുമാറാൻ കാരണമെന്താണെന്ന് എല്ലാവരും വിസ്മയിച്ചു. ഒടുവിൽ ചാരായഷാപ്പിലിരിക്കുമ്പോൾ തോമാ യാക്കോബിനോടും ഫീലിപ്പോസിനോടും പറയുന്നുണ്ട് റാഹേലിനോട് അപ്പൻ അരുതായ്മകാണിച്ചെന്ന കാര്യം. ആ സംഭവത്തെപ്പറ്റി പൗലോയുടെ വാക്കുകൾ ഇങ്ങനെയാണ്. “ പക്ഷേ പാപിയല്ലാത്ത ആരുണ്ടിവിടെ , എല്ലാവരും പാപികൾതന്നെ ജീവിതത്തെ അർഥമുള്ളതാക്കുക ചിലപ്പോൾ പാപത്തിന്റെ ഒരു നിമിഷമായിരിക്കും.എനിക്കത് അങ്ങനെയൊരു നിമിഷമായിരുന്നു.” ഇതിൽ ശരിയും ശരിയില്ലായ്മയും കൂടിക്കലർന്ന് കിടക്കുന്നു. റാഹേൽ എന്ന കൊച്ചുപെണ്ണിനോട് ചെയ്തുപോയ അരുതായ്മയുടെ പേരിൽ പൗലോ തനിക്ക് മരണം ശിക്ഷയായി വിധിക്കുകയും ചെയ്യുന്നു.
നോവലിൽ യോഹന്നാൻ എന്ന കഥാപാത്രത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ആ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ, തിരിച്ചറിവുകൾ, നോവലിന്റെ സ്വരം തന്നെ. അയാൾ അനുഭവിക്കുന്ന വ്യസനങ്ങൾക്ക് വലിയ ആഴമുണ്ട്.
“എന്റെ പേര് യോഹന്നാൻ. തോമാ എന്ന ആൾ എന്റെ അപ്പനും കർത്താവിൽ നിദ്രപ്രാപിച്ച തെരേസ അമ്മച്ചിയുമാണ്. അവമതി പേടിച്ചു തൂങ്ങിമരിച്ച പൗലോ എന്നയാൾ എന്റെ വല്യപ്പൻ. കൊച്ചച്ഛന്റെ കൂടെ ഇടവകവിട്ടു പോയ ആനി പെങ്ങളും” എന്ന പരിചയപ്പെടുത്തലിൽ അത് ദൃശ്യമാകുന്നു. പിന്തുടർന്ന വഴികളിൽ നിന്ന് മാറിസഞ്ചരിക്കുന്ന യോഹന്നാനെ നമുക്ക് കാണാം. ആ മാറ്റം അവന് അഭിമുഖീകരിക്കേണ്ടിവന്ന യാതനകളുടെ ചിത്രം വരച്ചുകാട്ടുന്നു. അവന്റെ സംശയങ്ങൾ, ആശങ്കകൾ , ചോദ്യങ്ങൾ, ആഗ്രഹങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ, കാമനകൾ എല്ലാം നോവലിന്റെ കേന്ദ്രസ്ഥാനമാണ്.
പ്രണയത്തിന്റെ അടരുകൾ
പ്രണയത്തിന്റെ വിവിധഭാവങ്ങൾ നോവലിൽ കാണാൻ കഴിയുന്നുണ്ട്. ആത്മീയതയുടെ ഉള്ളിൽ നിന്നും പ്രണയത്തിന്റെ ഉഷ്ണത്തിൽ പുറത്തുചാടുന്ന വൈദികത, പ്രായത്തിന്റെ വലിപ്പച്ചെറുപ്പമില്ലാത്ത പ്രണയാകാശം, സ്വവർഗലൈംഗികതയുടെ പ്രണയഭാഷ്യം തുടങ്ങി വിവിധങ്ങളായ പ്രണയ മാനങ്ങൾ, പ്രണയത്തിന്റെ അടരുകൾ ഇതിൽ കാണാൻ കഴിയുന്നുണ്ട്.
“എന്റേതൊരു പ്രാവിന്റെ ഹൃദയമാണ്, തീരെ ചെറുതും കനം കുറഞ്ഞതും വലിയ തീരുമാനങ്ങളിലേയ്ക്കു ചെന്നുചാടാൻ കെല്പില്ലാത്തതും. പക്ഷേ, മോനെ ഈ സ്നേഹം എന്നെ എവിടേയ്‌ക്കോ കൊണ്ടുപോകുമെന്ന് ഞാൻ പേടിക്കുന്നു. കൊടുങ്കാറ്റുപോലെ ഇതെന്നെ കൊണ്ടുപോകും” എന്ന ആനിയുടെ തുറന്നുപറച്ചിൽ തന്നെ നിയന്ത്രിക്കുന്ന ജീവിപ്പിക്കുന്ന ശക്തിയെ കാണിക്കുന്നു.
“ഇതു സ്നേഹമുള്ള ലോകമായിരിക്കണമെന്നാ എന്റെ ആശ. വീർപ്പുമുട്ടലും വിമ്മിട്ടവും അടക്കിപ്പിടിച്ച കരച്ചിലും ഷണ്ഡത്വവും വന്ധ്യതയും ഒന്നുമുണ്ടാകരുതിവിടെ. സ്നേഹമായിരിക്കണം നിറയെ” എന്ന യാക്കോബിന്റെ വാക്കുകളിൽ പ്രാണയാദർശമുണ്ട്.
“നിനക്ക് ഒഴിവാക്കാനാവില്ലേ , നിനക്ക് സെമിനാരിയിലേക്ക് പോകാതിരുന്നുകൂടെ എന്ന ജോഷിയോട് യോഹന്നാൻ ചോദിക്കുന്നുമുണ്ട്. ഒന്നിലും വിശ്വസിച്ചുകൂടാ, ആരെയും വിശ്വസിച്ചുകൂടാ -ദൈവത്തെപ്പോലും” എന്നുള്ള മേരിയുടെ രോഷത്തിൽ തന്റെ പ്രണയത്തിനു സംഭവിച്ച അപചയത്തിന്റെയും തത്ഫലമായുണ്ടായ വിഷാദത്തിന്റെയും ചിത്രം കാണാം.
“സ്നേഹത്തെ കുറ്റമായിക്കാണാൻ ദൈവം മനുഷ്യനല്ലെന്നു നിനക്കറിഞ്ഞുകൂടേ പെണ്ണെ” എന്ന് കൊച്ചച്ചൻ ആനിയോട് പറയുന്നത് പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞുകൊണ്ടാണ്.
വ്യസനങ്ങളുടെ ലോകം
നോവലിലെ കഥാപാത്രങ്ങളുടെ വേഷം വ്യസനമാണ്. ആ വേഷം ഒരിക്കലും അഴിച്ചുവയ്ക്കാൻ അവർക്കാകുന്നില്ല. സ്നേഹരാഹിത്യത്തിന്റെയും പ്രണയത്തകർച്ചയുടെയും ഏകാന്തതയുടെയും കുറ്റബോധത്തിന്റെയുമൊക്കെ വ്യസനങ്ങൾ ആയുസ്സിന്റെ പുസ്തകത്തിൽ ഉടനീളം കാണാനാകും. പൗലോ, തോമാ, യോഹന്നാൻ, ആനി, സാറാ, സാമുവൽസാർ, റോസാമ്മ, റാഹേൽ, മേരി, യാക്കോബ് എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ പല ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. സന്ദർഭങ്ങൾ, സാഹചര്യങ്ങൾ, എന്നിവ വ്യത്യസ്തമാണെങ്കിലും അനുഭവിക്കുന്ന നൊമ്പരങ്ങൾ പരസ്പരം ആലിംഗനം ചെയ്യുന്നുണ്ട്.
“അയ്യോ” എനിക്കാരുമില്ലാതായി..ഞാൻ ഒറ്റയ്ക്കായി" എന്ന സാറായുടെ പരിദേവനവും “റാഹേൽ പോയെന്നറിഞ്ഞനിമിഷം താൻ പൊടുന്നെനെ മരിക്കാറായ ഒരു കിഴവനായിത്തീർന്നുവെന്ന് യോഹന്നാന് തോന്നി”. “അവൻ ഒരു പക്ഷിയെപ്പോലെ ഏകാകിയായിരുന്നു. നിഴലു തന്നെയും അവന്റെ ഒപ്പമുണ്ടായിരുന്നില്ല” എന്ന യോഹന്നാന്റെ അവസ്ഥയും ഒറ്റപ്പെടലിന്റെ വേദന എടുത്തുകാട്ടുന്നതാണ്.
“ഞങ്ങളു തമ്മിൽ അപ്പനും മകനുമെന്ന നിലയ്ക്ക് തീരെ അടുപ്പമില്ല” എന്ന തോമായുടെ വാക്കുകളിൽ സ്ഫുരിക്കുന്നത് ഒരപ്പന്റെ വ്യസനമാണ്. പൗലോ സ്വയം വിധിച്ച ശിക്ഷയുടെ ലക്ഷ്യം തുടച്ചുമാറ്റാനാവാത്ത സങ്കടത്തിൽ നിന്നുള്ള മോചനമാണല്ലോ.
ഡിഫ്തീരിയ ബാധിച്ച കൊച്ചുറോസ, പക്ഷാഘാതം ബാധിച്ച് കിടപ്പിലായി ഒടുവിൽ മരണത്തിനു കീഴടങ്ങിയ സാമുവൽസാർ, ഇരുവരെയും നഷ്ടപ്പെട്ട റോസമ്മ നൈനാച്ചന്റെ ഭോഗപ്രിയതകരണം ചെറുപ്രായത്തിൽ തന്നെ ദുരന്തത്തിനിരയായി മാറിയ മേരി എന്നിവരും വേദനകളെ നെഞ്ചിലേറ്റുന്നവർതന്നെ.
വിധവയായ സാറയുടെ, ആ സൗന്ദര്യവതിയുടെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതും ഇതുമൂലം മനസ്സുഞെരിഞ്ഞമർന്ന് വിഭ്രാന്തിയിലേക്ക് യോഹന്നാൻ വീഴുന്നതും നോവലിന്റെ അവസാന ഭാഗത്ത് കാണുന്നു. ദുരന്തമയമാർന്ന ജീവിതത്തിന്റെ പരിച്ഛേദമായി ആയുസ്സിന്റെ പുസ്തകം തീരുമ്പോൾ വ്യസനം അദൃശ്യമായ ഒരു കഥാപാത്രമാണെന്ന് പറയുന്നതിൽ തെറ്റില്ല.
*പാപ-പുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനം*
പാപ-പുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനം നോവലിൽ കടന്നുവരുന്നുണ്ട്. അത് കഥാപാത്രങ്ങളെ ആകുലപ്പെടുത്തുന്നുണ്ട്, ആശങ്കപ്പെടുത്തുന്നുമുണ്ട്. ചിലർ അതിനു മുൻപിൽ നിസ്സഹായരായിത്തീരുന്നു. മറ്റുചിലർ പാപ-പുണ്യ വിഭജനം നടത്തുവാൻ ഒരുമ്പെടാതെ മുന്നോട്ട്പോകുന്നു. “സാരമില്ല ഇന്ന് ശകലം കൂടിയാലും കുഴപ്പമില്ല. പാപം എന്റെമേലും വന്നുപതിച്ച ദിവസമല്ലേ” എന്ന തോമായുടെ വാക്കുകളിൽ പാപബോധം നിഴലിക്കുന്നുണ്ട് . “ഇനി ആ രഹസ്യം എല്ലാരുമറിഞ്ഞിട്ട് അതിന്റെ ഭവിഷ്യത്തുകളോർത്ത്, പാപത്തിന്റെ ഭീകരതയോർത്ത് ഉറക്കെ പറയാത്തതാകുമോ” എന്ന യോഹന്നാന്റെ സംശയവും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. “അതിനു നമ്മൾ എന്ത് പാപം ചെയ്തു?” എന്ന് ആനിയോട് പറയുന്ന മാത്യുവിന്റെ ധൈര്യം പാപ സങ്കല്പത്തെ വെല്ലുവിളിക്കുന്നതാണ്. പാപമേത്, ജീവിതമേത് എന്ന വലിയ ചോദ്യത്തിനുമുന്നിൽ ആശങ്കപ്പെട്ടുനിൽകുന്ന മനുഷ്യാവസ്ഥയുടെ യഥാതഥചിത്രം നോവൽ പരോക്ഷമായി വെളിപ്പെടുത്തുന്നു. നോവലിൽ യാക്കോബ് എന്ന കഥാപാത്രം പാപ-പുണ്യലോകാന്തരീക്ഷത്ത് ജീവിക്കുവാൻ ആഗ്രഹിക്കുന്നവനല്ല. അതിലൊട്ടു വിശ്വസിക്കുന്നവനുമല്ല. മറ്റുള്ളവരുടെ കാഴ്ചക്കോണിൽ 'അയഥാർഥലോകത്തെ ആദർശവാദി' യാണയാൾ. കൊച്ചച്ചനോട് അയാൾ പറയുന്ന കാർട്ടൂൺ വിവരണം ചില പൊതുധാരണകളെ പൊളിച്ചെഴുതുന്നതാണ്.
ക്രിസ്തീയമായ വിശ്വാസപ്രഘോഷണങ്ങൾക്കിടയിലും ലോകത്ത് അക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണെന്ന കൊച്ചച്ചന്റെ ചോദ്യവും, വികാരിയച്ചന്റെ പ്രതികരണവും, ബ്രഹ്മചര്യത്തെ സംബന്ധിച്ചിരുവരും തമ്മിലുള്ള ദീർഘ സംവാദവും പാപ-പുണ്യസങ്കൽപ്പത്തോടും അതിനു അടിസ്ഥാനമായി വർത്തിക്കുന്ന പൊതുബോധത്തോടും ഇഴചേർന്നുകിടക്കുന്നു. കാതലായ സംശയങ്ങൾ കൊച്ചച്ചനിൽ ബാക്കിനിർത്തിക്കൊണ്ട് വികാരിയച്ചൻ തന്റെ അഭിപ്രായം ഇങ്ങനെ ഉപസംഹരിക്കുന്നു.
“നമ്മുടെ കണ്മുന്നിൽ പാപികൾ പെരുകുകതന്നെയാണ്. അവരെല്ലാം ആത്മാർത്ഥമായി കുമ്പസാരിക്കുകയാണെങ്കിൽ ഓരോരുത്തരുടെ കുമ്പസാരം ഒരേയിരിപ്പിൽ വർഷങ്ങളോളം നീണ്ടുപോയേക്കാം. പക്ഷേ ദൈവത്തിന്റെ മഹത്വം വർണിക്കുന്ന ഒരാകാശത്തിനു കീഴെ ഭൂമി എന്നും ഇരുണ്ടതായിരിക്കില്ല”.
*ആഖ്യാനഭാഷ*
നോവലിലെ ആഖ്യാനഭാഷയ്ക്ക് വലിയ സവിശേഷതയുണ്ട്. വാങ്മയചിത്രം സാധ്യമാക്കുന്നതോടൊപ്പം നോവലിന്റെ പ്രമേയവും ഘടനയും ആഖ്യാനവും ദർശനവും ഭാഷ തന്നെയായി ആയുസ്സിന്റെ പുസ്തകത്തിൽത്തീരുന്നു. ബിബ്ലിക്കൽ ഭാഷാശൈലി നോവലിന്റെ പലേടങ്ങളിലും ഉണ്ട്. കഥാന്തരീക്ഷത്തിനു അത് മിഴിവ് പകരുന്നു. ബൈബിളിൽനിന്നുള്ള ഭാഗങ്ങളുടെ സ്വീകരണവും കൃത്യമായ ഉപയോഗവും കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾ പ്രതിഫലിപ്പിക്കാൻ ഏറെസഹായിച്ചിട്ടുണ്ട്. നോവലിൽ പ്രകൃതിയൊരു ഭാഷയായിമാറുന്നു. കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ, വികാരങ്ങൾ ആവിഷ്കരിക്കാൻ പ്രകൃതിഘടകങ്ങളെ സവിശേഷമായി രചയിതാവ് ഉപയോഗിച്ചിരിക്കുന്നു.
“വൃക്ഷത്തിനു പ്രത്യാശയുണ്ട്, അത് മുറിക്കപ്പെട്ടാൽ പിന്നെയും പൊട്ടിക്കിളിർക്കും, ഇളം കൊമ്പുകൾ വളർന്നുവരും, അതിന്റെ വേര് നിലത്തുകിടന്നു പഴകിയാലും , കുറ്റി മണ്ണിൽ ജീർ ണിച്ചുപോയാലും വെള്ളത്തിന്റെ ശ്വാസമേൽക്കുമ്പോഴേ അത് കിളിർക്കും. പുതിയ തൈ പോലെ അത് തളിരുകൾ പുറപ്പെടുവിക്കും.മനുഷ്യൻ നഗ്നനായി ദ്രവിക്കുമ്പോൾ അവൻ പിന്നെ എവിടെയാണ്”?
ആയുസ്സിന്റെ പുസ്തകത്തിൽ മഴയുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. കഥാപാത്രങ്ങളോടൊത്ത് അത് സഞ്ചരിക്കുന്നുണ്ട്. “റാഹേലിന്റെ ജാലകത്തിനുപുറത്തും ഈ മഴ പെയ്യുന്നുണ്ടാവണം” എന്നതായിരിക്കും ആ ജാലകത്തിന്റെ നിറം? മഞ്ഞ? നീല? ഒരുപക്ഷേ, അതു നിറമൊന്നുമില്ലാത്ത ജാലകമായിരിക്കും.ചുവരുകൾക്കും നിറമുണ്ടാവില്ല. അതു നിറമില്ലാത്ത ഒരു കെട്ടിടമായിരിക്കും.പുറത്തു മഴപെയ്യുമ്പോൾ തന്റെ നിറമില്ലാത്ത ജാലകത്തിനടുത്ത് വന്ന് നിൽക്കുമോ റാഹേൽ”. കാറ്റും തണുപ്പും ഇലയനക്കങ്ങളും മരക്കൂട്ടങ്ങളും മണ്ണും പാറകളും കുന്നും ജാലകങ്ങളും പുൽനിരകളുമൊക്കെ ഭാഷയായിമാറിത്തീരുന്നുണ്ട്. ഒരേ സമയം ആയുസ്സിന്റെ പുസ്തകത്തിനുള്ളിലെ ഒരംശമായും ഭാഷയായും വർത്തിക്കുന്നു.
*കാമനകളുടെ ലോകം*
നോവലിന്റെ രത്നച്ചുരുക്കം പൗലോയുടെ വാക്കുകളിൽ ലീനമാണ്. “പക്ഷേ പാപിയല്ലാത്ത ആരുണ്ടിവിടെ. എല്ലാവരും പാപികൾ തന്നെ. ജീവിതത്തെ അർഥമുള്ളതാക്കുക ചിലപ്പോൾ പാപത്തിന്റെ നിമിഷമായിരിക്കും. എനിക്കത് അങ്ങനെയൊരു നിമിഷമായിരുന്നു”. ജീവിതത്തെ അർഥമുള്ളതാക്കുവാൻ അതിന്റെ സ്വാഭാവികതയോട് ചേർന്ന് ജീവിക്കാനാഗ്രഹിച്ച കഥാപാത്രങ്ങളെയാണ് ഇതിൽ നാം കാണുന്നത്. മുറിവേറ്റവരാണ് അതിൽ കൂടുതൽപ്പേരും. രതിയെ ഒളിഞ്ഞും തെളിഞ്ഞും ഉപാസിക്കുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ജീവിതം അപ്രവചനീയതളുടെ ഘോഷയാത്രയാണ്. വിശ്വാസങ്ങളുടെ തകർച്ചയാണ്. ഉന്മാദത്തിന്റെ ആലാപനമാണ്. മനുഷ്യന്റെ ആസക്തിക്കുമുന്നിൽ എല്ലാം അപ്രസക്തമാകയാൽ രാഷ്ട്രീയവും പുരോഗമനവും നോവലിൽ ദർശിക്കാനാവില്ല. ഈ നോവൽ ആത്മാവുകളുടെ കലാപമാണെന്ന് പറയാം. ഉടലുണ്ടെങ്കിൽ അതിന്റെ കാമനകളെ തൃപ്തിപ്പെടുത്താനുമാകണം. അങ്ങനെ തൃപ്തി നേടിയ അഥവാ പരാജിതരായ വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് ദേശാന്തരം നടത്തുന്ന മനസ്സുകളുടെ ആവിഷ്കാരമാണ് സി വി ബാലകൃഷ്ണൻ നടത്തുന്നത്. കാമനകളുടെ പൂർണ്ണതയാണ് ഏവരും കൊതിക്കുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും സ്ത്രീയായാലും പുരുഷനായാലും കാമനകൾ തേടി സഞ്ചരിക്കുന്നവരാണ്. അത് പൗലോയിൽ ആരംഭിക്കുന്നു. തോമാ, മേരി, ബ്രിജിത്താമ, സാറ, സിസ്റ്റർമാർ, റാഹേൽ, യോഹന്നാൻ, മാത്യു, ലോഹിതാക്ഷൻ, ആനി- ഈ കഥാപാത്രങ്ങളൊന്നും കാമനകളിൽനിന്നും ആസക്തിയിൽനിന്നും മുക്തരല്ല. ഏവരെയും ആസക്തികൾ ചൂഴ്ന്നുനിൽക്കുന്നു. ഈ പരിതഃസ്ഥിതിയിൽ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ ആത്മാക്കളുടെ സങ്കീർത്തനമാകുന്നു.
ആയുസ്സിന്റെ പുസ്തകത്തിൽ കാണുന്ന മനുഷ്യർ പല ജീവിതയാഥാർഥ്യങ്ങളിലൂടെ കടന്നു പോകുന്നവരാണ്. പല പ്രായമുള്ളവർ, പല ചിന്തകളുള്ളവർ, പല ജോലിചെയ്യുന്നവർ, സ്വപ്നങ്ങളുള്ളവർ, ആഗ്രഹങ്ങളുള്ളവർ, കാമനകളുള്ളവരാണെല്ലാം. ഒരായുസ്സിൽ മനുഷ്യൻ കടന്നുപോകേണ്ടിവരുന്ന എല്ലാത്തരം അവസ്ഥകളിലൂടെയും കഥാപാത്രങ്ങൾ യാത്രചെയ്യുന്നുണ്ട്. ഡിഫ്തീരിയ ബാധിച്ചു മരിച്ച കൊച്ചുറോസ മുതൽ എഴുപത്തിമൂന്നാം വയസ്സിൽ ആത്മഹത്യ ചെയ്ത പൗലോ വരെ അതിൽ ഉൾപ്പെടുന്നു. സ്നേഹത്തിന്റെ ആർദ്രത ലഭിക്കാത്തതുകൊണ്ട് ശുഷ്കിച്ചുപോയ ജീവിതങ്ങളുമുണ്ട്. ആസക്തികൾക്കു കീഴ്പ്പെട്ടവരുണ്ട്. പരസ്പരം അറിയാതെ പോയവരുമുണ്ട്. ഇത്തരത്തിൽ ഒരു മനുഷ്യായുസ്സിന്റെ എല്ലാത്തരം അവസ്ഥകളെയും എടുത്തുകാട്ടുന്നതാണ് ആയുസ്സിന്റെ പുസ്തകം. മനുഷ്യായുസ്സിനൊരു ആമുഖമായി അത് മാറുന്നതും അപ്രകാരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ