2025 ജൂലൈ 4, വെള്ളിയാഴ്‌ച

'ഒട'യിലെ മിടിപ്പുകൾ (വായന)

 


'ഒട'യിലെ  മിടിപ്പുകൾ 


ഒൻപത് കഥകൾ,എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.ജീവിതമെന്ന തീക്ഷ്ണയാഥാർഥ്യത്തിന്റെ വിവിധ ഉരിയാട്ടങ്ങൾ അനുഭവതീവ്രതയോടെ ആവിഷ്ക്കരിക്കുന്നതിൽ യുവഎഴുത്തുകാരി ജിൻഷ ഗംഗ വിജയിച്ചിരിക്കുന്നു. സ്വത്വം, അന്തർമുഖത്വം, ഭയം, താൻപോരിമ, വിപ്ലവം, ശാക്തീകരണം,പ്രണയം, വേദന, പ്രതിഷേധം,തിരുത്ത്, എന്നിങ്ങനെ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ഘടകങ്ങളുടെ കൊളാഷാകുന്നു 'ഒട' എന്ന കഥാസമാഹാരം. ഭാഷയും  ആഖ്യാനവും പൊള്ളിക്കുന്ന കനല് തന്നെ.

1.ഒട 

 "  ചില രാത്രികള് പണിക്കര് ഓരോ തോറ്റം ചൊല്ലും. അപ്പോഴൊക്കെ അപ്പനും അപ്പാപ്പനും സ്വപ്നത്തിൽ ആ തെയ്യങ്ങളായി വരും"

തെയ്യത്തിന്റെ തന്മകളിൽ കുടിയിരുന്ന് തീച്ചാമുണ്ഡി കെട്ടിയാടിയ രാമൻപണിക്കരുടെ ജീവിതമാണ് 'ഒട '. അതിൽ തെളിയുന്ന പലമകൾ യാഥാർഥ്യത്തിന്റെ മേലേരികളാണ്. തെയ്യത്തിന്റെ ചരിത്രം, കാലഗതിയിൽ അതിനു സംഭവിച്ച മാറ്റം, ആചാരവിശേഷങ്ങൾ, ആധിപത്യപ്രവണതകൾ എന്നിവ  ആഖ്യാനത്തിൽ കാണാം.അനുഷ്ഠാനകർമ്മമെന്നതിനപ്പുറം തന്റെ സ്വത്വത്തിന്റെ ഭാഗം കൂടിയാണ് രാമപണിക്കർക്ക് തെയ്യം(തീച്ചാമുണ്ഡി). "അതൊന്നും പറഞ്ഞാ നിനക്ക് തിരിയൂല", "ചെണ്ടയുടെയും ചിലമ്പിന്റെയും ഒച്ചയില്ലാതെ, തോറ്റം പാട്ടിന്റെ അകമ്പടിയില്ലാതെ, കോട്ടത്തിന്റെ പടികൾ കേറുമ്പോൾ പണിക്കരുടെ കണ്ണ് നിറഞ്ഞു"- സൂചിപ്പിക്കുന്നതതാണ്. പലപ്പോഴും സ്വത്വ-സത്യഉരിയാട്ട ബിംബങ്ങളാവുന്നുണ്ട് കഥാപാത്രങ്ങൾ. വെണ്ണീറ് ചുവയ്ക്കുന്ന ചുമയുമായി കനലാട്ടം നടത്തുന്നവരുടെ ഹൃദയചിത്രം 'ഒട'യുടെ മിടിപ്പാണ്. വിശദാoശങ്ങളിലുള്ള ശ്രദ്ധ,ഇരുത്തം വന്ന ഭാഷ, ഉള്ളടക്കനില,പാത്രസൃഷ്ടി  എന്നിവ ആഖ്യാനത്തെ മികവുറ്റതാക്കുന്നു.

2.അഗ്രസന്ധനി 

" തലവേദന വന്നിട്ട് എന്റെ അറിവില് ആരും മരിച്ചിട്ടില്ല "

മരണങ്ങളെക്കുറിച്ചും മരണകാരണങ്ങളെ ക്കുറിച്ചും ഭ്രാന്തമായ ആവേശത്തോടെ ഗവേഷണം  നടത്തുന്ന വായനപ്രിയനായ റിട്ടേർഡ് സ്റ്റെനോഗ്രാഫർ. എങ്ങനെ  അയാൾ അതിലേയ്ക്ക് എത്തപ്പെട്ടു ?മുഖത്ത് നിറഞ്ഞ ദുഃഖം തിളക്കമായി രൂപാന്തരപ്പെടണമെങ്കിൽ ഒരു ഉന്മാദവസ്ഥയിലായിരിക്കണം. മരണത്തിന്റെ ചുരുക്കെഴുത്തുക്കൾ പഠിക്കാനുള്ള വ്യഗ്രതയോ ? അതോ തന്റെ ചെറിയ ലോകത്തിലെ മനുഷ്യർ ( റഹീം, ലൈബ്രറിയിലെ പെൺകുട്ടി) മരണപ്പെട്ടതിന്റെ പിരിമുറുക്കം മറക്കാനുള്ള ശ്രമമോ? വായന ബന്ധിപ്പിച്ച  പരിചിതരുടെ വിയോഗനവേദന വായനയാൽ പ്രതിരോധിക്കുന്ന തന്ത്രം സ്റ്റെനോഗ്രാഫറിൽ കാണാം.പിന്നീടുള്ള അയാളുടെ വായനയുടെ വിഷയം മരണമാകുന്നു.ഒരന്തർമുഖന്റെ മാനസികസംഘർഷങ്ങൾ, മനോചിന്തകൾ കൃത്യമായി വരച്ചിടുന്നു 'അഗ്രസന്ധനി'

3.ഉമ്പാച്ചി 

"ഓള്  അടുക്കളേല് കേറിയാ പൂച്ച കേറിയത് മാതിരിയാ. ഒച്ചയും അനക്കോം ഇല്ല..."

'ഉമ്പാച്ചി'യിലും  മരണം കടന്നുവരുന്നുണ്ട്.മറ്റൊരു മുഖമാണെന്ന് മാത്രം.പ്രഭാകരന്റെയും ചന്ദ്രിയുടെയും മകളായ ജാനൂട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുക്കുന്നു. ചന്ദ്രിയുടെ വാക്കിനാൽ പോലീസ് ഉമ്പാച്ചിയുടെ ആങ്ങളയെ അറസ്റ്റ് ചെയ്യുന്നു.കഥയെ മറ്റൊരു പ്രതലത്തിലേയ്ക്കെത്തിക്കുന്നത് കുറിഞ്ഞിയെയും കണ്ടനെയും തിരിച്ചറിഞ്ഞ് ഉമ്പാച്ചി നടത്തുന്ന കൊലപാതകമാണ്. സത്യത്തിന്റെ മുഖങ്ങൾ കാഴ്ച്ചകളിലൂടെ, സൂചനകളിലൂടെ, കഥാപാത്രസംഘർഷങ്ങളിലൂടെ ആവിഷ്കൃതമാകുന്നു.കഥനം തടസ്സങ്ങളേതുമില്ലാതെ ഒഴുകുന്നു.

4.വിസെലിറ്റ്സ

 "എല്ലാ  വിപ്ലവോം തൊടങ്ങണത് ഇവിടന്നാ സാറേ.... ഈ മണ്ണില് കൊറേ കൊറേ വിപ്ലവങ്ങള് ജനിച്ചിട്ടുണ്ട്. വിപ്ലവകാരികള് പിടഞ്ഞുതീർന്നിട്ടിട്ടുണ്ട്... ഈ ജയിലല്ലേ സാറേ, മറ്റുള്ളോരുടെ ജീവിതങ്ങള് എഴുതാനുള്ള ഏറ്റോം നല്ല സ്ഥലം..."

ജയിലാണ് കഥാപരിസരം.'ഉമ്പാച്ചി'യിൽ കൊലപാതകത്തിന് കൂട്ടുനില്ക്കുന്ന പ്രഭാകരനല്ല.'വിസെലിറ്റ്സ'യിലെ കൊലപാതകിയായ  പ്രഭാകരൻ. എഡിറ്റരെ മർദ്ദിച്ച്  ജയിൽപുള്ളിയാകുന്ന തിലക് രാജ എന്ന എഴുത്തുകാരന്റെ മാറുന്ന കാഴ്ച്ചപ്പാടുകളും കണ്ണൂർജയിലിന്റെ രാഷ്ട്രീയചരിത്രവും ഇതിൽ പ്രതിപാദ്യവിഷയങ്ങളാവുന്നു.പ്രഭാകരൻ - തിലക് രാജ വർത്താനങ്ങളിലൂടെ  വെളിപ്പെടുന്ന ജീവിതയാഥാർഥ്യങ്ങളുടെ, വസ്തുതകളുടെ ആകെത്തുകയാണ് വിസെലിറ്റ്സ. കഥാന്ത്യത്തിൽ തിലക് രാജ കാണുന്ന സ്വപ്നം അയാളുടെ തന്നെ കുറവിനെ എടുത്തുകാണിക്കുന്നതാണ്. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന നിറവ് സർഗാത്മകമാണ്. മാനവികമാണ്.ഒപ്പം നവപ്രസാധകരുടെ, എഡിറ്റേഴ്സിന്റെ ആരോഗ്യകരമായ സമീപനങ്ങളെ, നിലപാടുകളെ  വാഴ്ത്തുന്നുമുണ്ട് ഈ കഥ.

5.തെയ് തെയ് വാഴ്ക 

ഭർത്താവായ ബേബിച്ചന്റെ നിരന്തര ഇകഴ്ത്തലുകളെ വല്യമ്മച്ചിയുടെ  മനോഹരമായ ഓർമ്മകളിലൂടെ യാത്രചെയ്ത് ശക്തിയാർജ്ജിക്കുകയാണ്  ഗ്ലാഡീസ്. "പെമ്പിള്ളേര് പഠിക്കട്ടെ തൊമ്മിച്ചാ.... അവറ്റകൾക്കും കൂടിയൊള്ളതല്ലിയോ സ്വപ്നങ്ങളും ആഗ്രഹങ്ങളുവൊക്കെ. അവറ്റോൾക്ക്‌ പൂതി തീരണവരെ അവറ്റോള് ഒറ്റയ്ക്ക് ജീവിക്കട്ടെ..." എന്ന വല്യമ്മച്ചിയുടെ ഡയലോഗിലുണ്ട് കഥ മുന്നോട്ട് വയ്ക്കുന്ന ആദർശം.സമത്വചിന്തകൾക്കുമേൽ ഇപ്പോഴും അടയിരിക്കുന്ന പുരുഷമേധാവിത്വത്തിന്റെ എല്ലാ പ്രവണതകളെയും വിമർശനവിധേയമാക്കുന്ന ആഖ്യാനത്തിന്റെ മറുവശത്ത് ആഗ്രഹങ്ങളെ ബലികഴിക്കേണ്ടിവന്ന സ്ത്രീജീവിതത്തിന്റെ നിസ്സഹായതയുമുണ്ട്."ബേബിച്ചാ... എനിക്കേ എനിക്കും അങ്ങോട്ട് പോണം.നിങ്ങടെയൊക്കെകൂടെ മാർഗ്ഗം കളിക്കണം.. " എന്ന് പറയുന്ന സ്വാശ്രയത്വബോധത്തിന്റെ ഗ്ലാഡീസുമാർ തെയ് തെയ് വാഴ്ക...

6.ഉപ്പ് "

നിന്റെ ശരീരം മുഴുവൻ ഉപ്പാണ്..""

നിന്റെ ശരീരം തൊടാൻ എനിക്ക് പേടിയാണ് "

ചുംബനത്തിലൂടെ തന്റെ പ്രണയത്തിന്റെ ഉറവയെ ഒഴുക്കിവിടാനാഗ്രഹിച്ച വിപഞ്ചികാ കൃഷ്ണൻ.ബാലപീഡനത്തിന്റെ ഉപ്പുരസ ഓർമ്മകളിൽ ജീവിതവർണ്ണങ്ങൾ ആസ്വദിക്കാനാവാതെ പോയ ആനന്ദ്.തീർത്തും പൊള്ളിപ്പിക്കുന്ന ഒന്നാണ് 'ഉപ്പ്'. കാമുകനിൽ നിന്നുണ്ടായ അവഗണനയുടെ കാരണം വൈകിയറിയുന്ന കഥാനായികയുടെ തീവ്രവേദനയ്ക്ക് സമാന്തരമായി വായനക്കാരനുമുണ്ട്. ഒരു ആൺകുട്ടിയുടെ അമർത്തിപ്പിടിച്ച കരിച്ചിൽ  അവരുടെ അടിവറ്റിലേയ്ക്കും നൂണ്ടിറങ്ങുന്നുണ്ട്.കഥാപാത്രങ്ങളുടെ മാനസികവ്യഥകൾ സൂക്ഷ്മമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള വികാരസാന്ദ്രമായ അന്തരീക്ഷനിർമ്മിതി കഥപറച്ചിലിന്റെ മാറ്റ് വർധിപ്പിക്കുന്നു.'ഉപ്പി'ന്റെ അവസാനതാൾ മറിച്ചുകഴിയുന്ന ഓരോ വായനക്കാരനും ആഗ്രഹിക്കുന്നു."വിയർപ്പിന്റെ രുചി മധുരമായിരുന്നെങ്കിൽ"എന്ന് .

7.ചാപ്പ 

" പാവപ്പെട്ടവനെയൊക്കെ പ്രലോഭിപ്പിച്ച് കാര്യം കാണുന്നോരുടെയൊക്കെ കാലം ഇല്ലാണ്ടാവും. ഈ ചൂഷണം ചെയ്യപ്പെട്ടോര് തലയുയർത്തി ചോദ്യങ്ങള് ചോദിക്കുന്ന കാലാ ഇനി വരാൻ പോകുന്നത്... "

രണ്ട് പേരുടെ കണ്ണീര് വീണ മണ്ണിന്റെ ചരിത്രവും ആ മണ്ണിൽ ജീവിക്കുന്ന മനുഷ്യരുടെ വർത്തമാനവും രേഖപ്പെടുത്തുന്നതാണ് 'ചാപ്പ'.ഉറ്റ ചങ്ങാതി അന്ത്രൂന്റെ വീട്ടിൽ നോമ്പുതുറയ്ക്ക് രാഘവൻ പോയ രാത്രിയിലാണ് തന്റെ ആടിനെ കാണാതാവുന്നത്. വീട് നിൽക്കുന്ന സ്ഥലത്തിന് എന്തോ കുഴപ്പമുണ്ടെന്നു പറയുന്ന ഭാര്യ മാജിദയുടെ ആശങ്ക അയാൾ കുഞ്ഞപ്പയോട് പങ്കുവയ്ക്കുന്നു.സ്ഥലചരിത്രം ഉത്തരമാകുന്നു.ഇന്നും തുടർന്നുപോകുന്ന ചൂഷണസമീപനത്തിന്റെ, ഉച്ചനീചത്വങ്ങളുടെ  ചിത്രം തുറന്നുകാട്ടുന്ന കഥ അന്ധവിശ്വാസത്തെ പ്രതിഷേധസ്വരത്തിന്റെ, പ്രതികരണശക്തിയുടെ വായ്ത്തലയാൽ ഉടയ്ക്കുന്ന ആത്മവീര്യം എടുത്തുകാട്ടുന്നുണ്ട്.

8.അതിര് 

"എന്റെ ഗാന്ധിജീനേം ഞങ്ങള് ഇന്ത്യക്കാരേം കുറ്റം പറഞ്ഞ് എന്റെ പറമ്പില് ഇനീം നിക്കാനാ നിന്റെ ഉദ്ദേശവെങ്കില്, പിന്നൊരിക്കലും നിന്റെ കൂട്ടര് നിന്നെ ജീവനോടെ കാണുകേലാന്ന്. ആരേലും അത് ചോദിക്കാൻ ഇങ്ങോട്ട് വന്നാ എന്റെ അതിര് കടന്ന് അവർ തിരിച്ചു പോവുകേലാന്ന് "

"നിനക്ക് കിടിലനൊരു കവർസ്റ്റോറി അവിടുന്ന് കിട്ടും "എന്ന കൂട്ടുകാരിയായ ജെനിയുടെ ഒരൊറ്റ വാട്ട്‌സാപ്പ് മെസ്സേജിന്റെ പിൻബലത്തിൽ കുന്നിൻമോളിലെ വീട് ലക്ഷ്യമാക്കി നീരജ ഇറങ്ങുന്നു. കഥകിട്ടുന്നു. പ്രധാനകഥാപാത്രം ഗാന്ധിജിയുടെ കട്ട ഫാനായ അച്ചാമ്മ. അച്ചാമ്മയുടെ ഭർത്താവായ ജോസഫിൽ നിന്ന് നേരിട്ട് കേട്ട സത്യകഥകളിലൂടെ ഇരുവരുടെ പ്രണയവും, നേരിട്ട സങ്കടങ്ങളും, പിന്നിട്ട പാതകളും വെളിപ്പെടുന്നു. അതിലേറ്റവും മുഴച്ചുനിൽക്കുന്ന ഫ്രെയിം കൊച്ചുമകനായ ലാൽ കല്യാണം കഴിച്ചുകൊണ്ടുവന്ന മദാമ്മയ്ക്കു നേരെ തോക്കുചൂണ്ടിനിൽക്കുന്ന അച്ചാമ്മയുടേതാണ്. ആത്മാഭിമാനത്തിന്റെ, സ്വന്തം ഇഷ്ടങ്ങളുടെ, വ്യക്തിത്വത്തിന്റെ ഇടങ്ങളിലേയ്ക്ക് അതിര് ലംഘിച്ചുകയറുന്ന ശക്തികളെ പ്രതിരോധിക്കുന്ന ധൈര്യചിഹ്നമാകുന്നു അച്ചാമ്മ.

9.പെൺമാല 

"ആൺകൂട്ടികള് പിറന്നില്ലെങ്കില് അത് ദേവീടെ എന്തേലും കോപം തട്ടിയതുകൊണ്ടാകും. അങ്ങനെ കോപം തട്ടിയ നീ മാല ചാർത്തിയാല് ദേവിക്ക് തൃപ്തിവരൂല."

അപ്പന്റെ മരണശേഷം പാരമ്പര്യമായി കോവിലിലെ കോമരമായ് മാറിയ കരിമ്പന്റെ ദൈന്യങ്ങളാണ്  കഥാസാരം."ആദിവാസി പഠിച്ചിട്ടെന്തിനാ ", "കരിമ്പന് ഇനി നാരങ്ങാമാല ചാർത്താൻ അവകാശമില്ല " എന്നീ വാക്യങ്ങളിൽ  ജാതി-ലിംഗനീതിയുടെ  വിശ്ലഥചിത്രം കാണാം.ഒരു സവിശേഷസമൂഹത്തിനുള്ളിൽ അമാനവികമായ ധാരണകൾ തീർത്തും അപ്രമാദിത്വത്തോടെ  നിലനിൽക്കുന്നത്  തെറ്റിനെ ശാശ്വതതത്ത്വസംഹിതയായി അവരോധിക്കുന്നത്  മൂലമാണെന്ന്  പറയാം.'പെൺമാല' എന്ന ശീർഷം   ആ തെറ്റിനെ തുരത്തുന്ന ശരിയാണ്.


2023 ജൂൺ 12, തിങ്കളാഴ്‌ച

നോവൽവായന

 

               മനുഷ്യായുസ്സിന് ഒരു ആമുഖം.. 🌿  





 ജീവിതമെന്താണ്? പിന്നിൽ ഇടതിങ്ങിയ കുറ്റിക്കാട്, മുന്നിൽ, ദുർഗ്ഗമമായ വനം അജ്ഞതയുടെ അന്ധകാരത്തിൽ അത് കൂടുതൽ ഭയാനകമായിത്തോന്നും. ഒറ്റപ്പെട്ട ഏതെങ്കിലും നക്ഷത്രത്തിന്റെ മങ്ങിയ പ്രകാശം വല്ലപ്പോഴും ഈ വനത്തിലെ ഒറ്റയടിപ്പാതവരെ എത്തിയെന്നും വരാം .ഈ ഒറ്റയടിപ്പാതകളിലൂടെയുള്ള മനുഷ്യന്റെ യാത്രയ്ക്കാണ് ജീവിതം എന്ന് പറയുന്നത്. 

(യയാതി-വി എസ് ഖാണ്ഡേക്കർ)


മനുഷ്യപ്രരൂപത്തിന്റെ ജൈവസവിശേഷതകൾ അനാവരണം ചെയ്യുന്ന കൃതിയാണ് സി വി ബാലകൃഷ്ണന്റെ ആയുസ്സിന്റെ പുസ്തകം. അതിൽ നിസ്സഹായതയുടെയും ഒറ്റപ്പെടലിന്റെയും ദുഖത്തിന്റെയും സന്തോഷത്തിന്റെയും ഭോഗത്തിന്റെയും പ്രണയത്തിന്റെയും പ്രണയനിരാസത്തിന്റെയും പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും എന്നിങ്ങനെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ഒട്ടേറെ ഘടകങ്ങളുടെ സാന്നിധ്യം കാണാം. വിധിതീർപ്പുകളുമില്ല ഉത്തരംതേടലുമില്ല. ജീവിതയാഥാർഥ്യങ്ങൾ തുറന്നുകാട്ടാനുള്ള വാതായനം മാത്രം. മോഹം,വികാരം, സമൂഹം, രാഷ്ട്രീയം മുതലായവയുടെ ഭ്രംശമാണ് സി വി ബാലകൃഷ്ണന്റെ വിഷയങ്ങൾ. കാലത്തിന്റെ രഥ്യകളിലെ യാത്രികനായ മനുഷ്യന്റെ ആത്മദാഹങ്ങളെ ചിത്രീകരിക്കുക എന്ന ദൗത്യമാണ് ആയുസ്സിന്റെ പുസ്തകം എന്ന നോവലിൽ അദ്ദേഹം നിർവഹിക്കുന്നത്. അത് രാഷ്ട്രീയം, മതം, വിശ്വാസം എന്നിവയ്ക്കപ്പുറം പച്ചയായ നൊമ്പരങ്ങളുടെ ഹൃദയാവിഷ്കാരമാണ്. അടക്കാനാവാത്ത മോഹങ്ങളുടെ ആഖ്യാനം. ഇതിൽ ആഗ്രഹങ്ങൾ പൂർത്തീകരിച്ചവരില്ല. സുഖത്തിലും സമാധാനത്തിലും കഴിയുന്നവരില്ല. കാമനകളുടെ ഭ്രംശമേറ്റ് പിടയുന്ന മനുഷ്യരെയാണ് അദ്ദേഹം വിഷയമാക്കുന്നത്. ആരാണ് പാപി? ആരാണ് പുണ്യവാൻ എന്ന് കൃത്യമായി പറയാനാവാത്തവിധത്തിൽ ജീവിതത്തിന്റെ സങ്കീർണ്ണസ്വഭാവം ഈ നോവലിലൂടെ തെളിഞ്ഞുവരുന്നു. അന്തമില്ലാത്ത സ്നേഹത്തിന്റെയും ഭോഗത്തിന്റെയും കാലുഷ്യത്തിന്റെയും ശത്രുതയുടെയും ഗുഹകൾ ഹൃദയത്തിൽ വഹിക്കുന്ന മനുഷ്യമുഖങ്ങൾ ഇതിലുണ്ട്. ഭോഗിയായ മനുഷ്യന്റെ വേദാന്തമാകുന്നു ആയുസ്സിന്റെ പുസ്തകം.

ബൈബിൾഭാഷയുടെ ചൈതന്യം ആവാഹിച്ചുകൊണ്ട് പാപത്തിന്റെയും പശ്ചാത്താപത്തിന്റെയും കഥകൾ പറയുന്ന നോവലിൽ ആകെ 115 ചെറിയ അധ്യായങ്ങളാണുള്ളത്. ബൈബിളും കഥാപാത്രങ്ങളും പള്ളിയും സമൂഹവും പ്രകൃതിയും ഇതിൽ നിറഞ്ഞുനിൽക്കുന്നു. കഥ ആരംഭിക്കുന്നത് റാഹേൽ എന്ന കൗമാരക്കാരിയായ പെൺകുട്ടി കരഞ്ഞോടിവരുന്നിടത്താണ്. ആനിയും യോഹന്നാനും ആ കാഴ്ച കാണുന്നു. റാഹേലിനോട് എന്താണ് സംഭവിച്ചതെന്നും അവർ അന്വേഷിക്കുന്നു. യോഹന്നാന്റെയും ആനിയുടെയും പിതാവാണ് തോമാ. തോമയുടെ അച്ഛനും അവരുടെ മുത്തച്ഛനുമാണ് പൗലോ. പൗലോ തോമയെ മർദ്ദിക്കുന്ന കാഴ്ചയാണ് ആനിയും യോഹന്നാനും യാക്കൂബും മറ്റുള്ളവരും കാണുന്നത്. ഒരു കത്തിക്കുത്ത് കേസിൽ തോമാ പ്രതിയായിരുന്നെങ്കിലും വളരെ പശ്ചാത്താപം നിറഞ്ഞ ജീവിതമാണ് തുടർന്ന് അയാൾ നയിച്ചിരുന്നത്. അങ്ങനെയുള്ളയാൾ പൗലോയോട് ഇങ്ങനെ പെരുമാറാൻ കാരണമെന്താണെന്ന് എല്ലാവരും വിസ്മയിച്ചു. ഒടുവിൽ ചാരായഷാപ്പിലിരിക്കുമ്പോൾ തോമാ യാക്കോബിനോടും ഫീലിപ്പോസിനോടും പറയുന്നുണ്ട് റാഹേലിനോട് അപ്പൻ അരുതായ്മകാണിച്ചെന്ന കാര്യം. ആ സംഭവത്തെപ്പറ്റി പൗലോയുടെ വാക്കുകൾ ഇങ്ങനെയാണ്. “ പക്ഷേ പാപിയല്ലാത്ത ആരുണ്ടിവിടെ , എല്ലാവരും പാപികൾതന്നെ ജീവിതത്തെ അർഥമുള്ളതാക്കുക ചിലപ്പോൾ പാപത്തിന്റെ ഒരു നിമിഷമായിരിക്കും.എനിക്കത് അങ്ങനെയൊരു നിമിഷമായിരുന്നു.” ഇതിൽ ശരിയും ശരിയില്ലായ്മയും കൂടിക്കലർന്ന് കിടക്കുന്നു. റാഹേൽ എന്ന കൊച്ചുപെണ്ണിനോട് ചെയ്തുപോയ അരുതായ്മയുടെ പേരിൽ പൗലോ തനിക്ക് മരണം ശിക്ഷയായി വിധിക്കുകയും ചെയ്യുന്നു.


നോവലിൽ യോഹന്നാൻ എന്ന കഥാപാത്രത്തിന് സവിശേഷ പ്രാധാന്യമുണ്ട്. ആ കഥാപാത്രത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ, തിരിച്ചറിവുകൾ, നോവലിന്റെ സ്വരം തന്നെ. അയാൾ അനുഭവിക്കുന്ന വ്യസനങ്ങൾക്ക് വലിയ ആഴമുണ്ട്.

“എന്റെ പേര് യോഹന്നാൻ. തോമാ എന്ന ആൾ എന്റെ അപ്പനും കർത്താവിൽ നിദ്രപ്രാപിച്ച തെരേസ അമ്മച്ചിയുമാണ്. അവമതി പേടിച്ചു തൂങ്ങിമരിച്ച പൗലോ എന്നയാൾ എന്റെ വല്യപ്പൻ. കൊച്ചച്ഛന്റെ കൂടെ ഇടവകവിട്ടു പോയ ആനി പെങ്ങളും” എന്ന പരിചയപ്പെടുത്തലിൽ അത് ദൃശ്യമാകുന്നു. പിന്തുടർന്ന വഴികളിൽ നിന്ന് മാറിസഞ്ചരിക്കുന്ന യോഹന്നാനെ നമുക്ക് കാണാം. ആ മാറ്റം അവന് അഭിമുഖീകരിക്കേണ്ടിവന്ന യാതനകളുടെ ചിത്രം വരച്ചുകാട്ടുന്നു. അവന്റെ സംശയങ്ങൾ, ആശങ്കകൾ , ചോദ്യങ്ങൾ, ആഗ്രഹങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ, കാമനകൾ എല്ലാം നോവലിന്റെ കേന്ദ്രസ്ഥാനമാണ്.


 പ്രണയത്തിന്റെ അടരുകൾ


പ്രണയത്തിന്റെ വിവിധഭാവങ്ങൾ നോവലിൽ കാണാൻ കഴിയുന്നുണ്ട്. ആത്മീയതയുടെ ഉള്ളിൽ നിന്നും പ്രണയത്തിന്റെ ഉഷ്ണത്തിൽ പുറത്തുചാടുന്ന വൈദികത, പ്രായത്തിന്റെ വലിപ്പച്ചെറുപ്പമില്ലാത്ത പ്രണയാകാശം, സ്വവർഗലൈംഗികതയുടെ പ്രണയഭാഷ്യം തുടങ്ങി വിവിധങ്ങളായ പ്രണയ മാനങ്ങൾ, പ്രണയത്തിന്റെ അടരുകൾ ഇതിൽ കാണാൻ കഴിയുന്നുണ്ട്.

“എന്റേതൊരു പ്രാവിന്റെ ഹൃദയമാണ്, തീരെ ചെറുതും കനം കുറഞ്ഞതും വലിയ തീരുമാനങ്ങളിലേയ്ക്കു ചെന്നുചാടാൻ കെല്പില്ലാത്തതും. പക്ഷേ, മോനെ ഈ സ്നേഹം എന്നെ എവിടേയ്‌ക്കോ കൊണ്ടുപോകുമെന്ന് ഞാൻ പേടിക്കുന്നു. കൊടുങ്കാറ്റുപോലെ ഇതെന്നെ കൊണ്ടുപോകും” എന്ന ആനിയുടെ തുറന്നുപറച്ചിൽ തന്നെ നിയന്ത്രിക്കുന്ന ജീവിപ്പിക്കുന്ന ശക്തിയെ കാണിക്കുന്നു. 

“ഇതു സ്നേഹമുള്ള ലോകമായിരിക്കണമെന്നാ എന്റെ ആശ. വീർപ്പുമുട്ടലും വിമ്മിട്ടവും അടക്കിപ്പിടിച്ച കരച്ചിലും ഷണ്ഡത്വവും വന്ധ്യതയും ഒന്നുമുണ്ടാകരുതിവിടെ. സ്നേഹമായിരിക്കണം നിറയെ” എന്ന യാക്കോബിന്റെ വാക്കുകളിൽ പ്രാണയാദർശമുണ്ട്. 

“നിനക്ക് ഒഴിവാക്കാനാവില്ലേ , നിനക്ക് സെമിനാരിയിലേക്ക് പോകാതിരുന്നുകൂടെ എന്ന ജോഷിയോട് യോഹന്നാൻ ചോദിക്കുന്നുമുണ്ട്. ഒന്നിലും വിശ്വസിച്ചുകൂടാ, ആരെയും വിശ്വസിച്ചുകൂടാ -ദൈവത്തെപ്പോലും” എന്നുള്ള മേരിയുടെ രോഷത്തിൽ തന്റെ പ്രണയത്തിനു സംഭവിച്ച അപചയത്തിന്റെയും തത്ഫലമായുണ്ടായ വിഷാദത്തിന്റെയും ചിത്രം കാണാം.

“സ്നേഹത്തെ കുറ്റമായിക്കാണാൻ ദൈവം മനുഷ്യനല്ലെന്നു നിനക്കറിഞ്ഞുകൂടേ പെണ്ണെ” എന്ന് കൊച്ചച്ചൻ ആനിയോട് പറയുന്നത് പ്രണയത്തിന്റെ ആഴം തിരിച്ചറിഞ്ഞുകൊണ്ടാണ്.




 വ്യസനങ്ങളുടെ ലോകം 


 നോവലിലെ കഥാപാത്രങ്ങളുടെ വേഷം വ്യസനമാണ്. ആ വേഷം ഒരിക്കലും അഴിച്ചുവയ്ക്കാൻ അവർക്കാകുന്നില്ല. സ്നേഹരാഹിത്യത്തിന്റെയും പ്രണയത്തകർച്ചയുടെയും ഏകാന്തതയുടെയും കുറ്റബോധത്തിന്റെയുമൊക്കെ വ്യസനങ്ങൾ ആയുസ്സിന്റെ പുസ്തകത്തിൽ ഉടനീളം കാണാനാകും. പൗലോ, തോമാ, യോഹന്നാൻ, ആനി, സാറാ, സാമുവൽസാർ, റോസാമ്മ, റാഹേൽ, മേരി, യാക്കോബ് എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ പല ആത്മസംഘർഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. സന്ദർഭങ്ങൾ, സാഹചര്യങ്ങൾ, എന്നിവ വ്യത്യസ്തമാണെങ്കിലും അനുഭവിക്കുന്ന നൊമ്പരങ്ങൾ പരസ്പരം ആലിംഗനം ചെയ്യുന്നുണ്ട്.

“അയ്യോ” എനിക്കാരുമില്ലാതായി..ഞാൻ ഒറ്റയ്ക്കായി" എന്ന സാറായുടെ പരിദേവനവും “റാഹേൽ പോയെന്നറിഞ്ഞനിമിഷം താൻ പൊടുന്നെനെ മരിക്കാറായ ഒരു കിഴവനായിത്തീർന്നുവെന്ന് യോഹന്നാന് തോന്നി”. “അവൻ ഒരു പക്ഷിയെപ്പോലെ ഏകാകിയായിരുന്നു. നിഴലു തന്നെയും അവന്റെ ഒപ്പമുണ്ടായിരുന്നില്ല” എന്ന യോഹന്നാന്റെ അവസ്ഥയും ഒറ്റപ്പെടലിന്റെ വേദന എടുത്തുകാട്ടുന്നതാണ്.

“ഞങ്ങളു തമ്മിൽ അപ്പനും മകനുമെന്ന നിലയ്ക്ക് തീരെ അടുപ്പമില്ല” എന്ന തോമായുടെ വാക്കുകളിൽ സ്ഫുരിക്കുന്നത് ഒരപ്പന്റെ വ്യസനമാണ്. പൗലോ സ്വയം വിധിച്ച ശിക്ഷയുടെ ലക്ഷ്യം തുടച്ചുമാറ്റാനാവാത്ത സങ്കടത്തിൽ നിന്നുള്ള മോചനമാണല്ലോ.

ഡിഫ്തീരിയ ബാധിച്ച കൊച്ചുറോസ, പക്ഷാഘാതം ബാധിച്ച് കിടപ്പിലായി ഒടുവിൽ മരണത്തിനു കീഴടങ്ങിയ സാമുവൽസാർ, ഇരുവരെയും നഷ്ടപ്പെട്ട റോസമ്മ നൈനാച്ചന്റെ ഭോഗപ്രിയതകരണം ചെറുപ്രായത്തിൽ തന്നെ ദുരന്തത്തിനിരയായി മാറിയ മേരി എന്നിവരും വേദനകളെ നെഞ്ചിലേറ്റുന്നവർതന്നെ.

വിധവയായ സാറയുടെ, ആ സൗന്ദര്യവതിയുടെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതും ഇതുമൂലം മനസ്സുഞെരിഞ്ഞമർന്ന് വിഭ്രാന്തിയിലേക്ക് യോഹന്നാൻ വീഴുന്നതും നോവലിന്റെ അവസാന ഭാഗത്ത് കാണുന്നു. ദുരന്തമയമാർന്ന ജീവിതത്തിന്റെ പരിച്ഛേദമായി ആയുസ്സിന്റെ പുസ്തകം തീരുമ്പോൾ വ്യസനം അദൃശ്യമായ ഒരു കഥാപാത്രമാണെന്ന് പറയുന്നതിൽ തെറ്റില്ല.


 *പാപ-പുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനം* 


പാപ-പുണ്യങ്ങളെക്കുറിച്ചുള്ള പരിചിന്തനം നോവലിൽ കടന്നുവരുന്നുണ്ട്. അത് കഥാപാത്രങ്ങളെ ആകുലപ്പെടുത്തുന്നുണ്ട്, ആശങ്കപ്പെടുത്തുന്നുമുണ്ട്. ചിലർ അതിനു മുൻപിൽ നിസ്സഹായരായിത്തീരുന്നു. മറ്റുചിലർ പാപ-പുണ്യ വിഭജനം നടത്തുവാൻ ഒരുമ്പെടാതെ മുന്നോട്ട്പോകുന്നു. “സാരമില്ല ഇന്ന് ശകലം കൂടിയാലും കുഴപ്പമില്ല. പാപം എന്റെമേലും വന്നുപതിച്ച ദിവസമല്ലേ” എന്ന തോമായുടെ വാക്കുകളിൽ പാപബോധം നിഴലിക്കുന്നുണ്ട് . “ഇനി ആ രഹസ്യം എല്ലാരുമറിഞ്ഞിട്ട് അതിന്റെ ഭവിഷ്യത്തുകളോർത്ത്, പാപത്തിന്റെ ഭീകരതയോർത്ത് ഉറക്കെ പറയാത്തതാകുമോ” എന്ന യോഹന്നാന്റെ സംശയവും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. “അതിനു നമ്മൾ എന്ത് പാപം ചെയ്തു?” എന്ന് ആനിയോട് പറയുന്ന മാത്യുവിന്റെ ധൈര്യം പാപ സങ്കല്പത്തെ വെല്ലുവിളിക്കുന്നതാണ്. പാപമേത്, ജീവിതമേത് എന്ന വലിയ ചോദ്യത്തിനുമുന്നിൽ ആശങ്കപ്പെട്ടുനിൽകുന്ന മനുഷ്യാവസ്ഥയുടെ യഥാതഥചിത്രം നോവൽ പരോക്ഷമായി വെളിപ്പെടുത്തുന്നു. നോവലിൽ യാക്കോബ് എന്ന കഥാപാത്രം പാപ-പുണ്യലോകാന്തരീക്ഷത്ത് ജീവിക്കുവാൻ ആഗ്രഹിക്കുന്നവനല്ല. അതിലൊട്ടു വിശ്വസിക്കുന്നവനുമല്ല. മറ്റുള്ളവരുടെ കാഴ്ചക്കോണിൽ 'അയഥാർഥലോകത്തെ ആദർശവാദി' യാണയാൾ. കൊച്ചച്ചനോട് അയാൾ പറയുന്ന കാർട്ടൂൺ വിവരണം ചില പൊതുധാരണകളെ പൊളിച്ചെഴുതുന്നതാണ്.

ക്രിസ്തീയമായ വിശ്വാസപ്രഘോഷണങ്ങൾക്കിടയിലും ലോകത്ത് അക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണെന്ന കൊച്ചച്ചന്റെ ചോദ്യവും, വികാരിയച്ചന്റെ പ്രതികരണവും, ബ്രഹ്മചര്യത്തെ സംബന്ധിച്ചിരുവരും തമ്മിലുള്ള ദീർഘ സംവാദവും പാപ-പുണ്യസങ്കൽപ്പത്തോടും അതിനു അടിസ്ഥാനമായി വർത്തിക്കുന്ന പൊതുബോധത്തോടും ഇഴചേർന്നുകിടക്കുന്നു. കാതലായ സംശയങ്ങൾ കൊച്ചച്ചനിൽ ബാക്കിനിർത്തിക്കൊണ്ട് വികാരിയച്ചൻ തന്റെ അഭിപ്രായം ഇങ്ങനെ ഉപസംഹരിക്കുന്നു.

“നമ്മുടെ കണ്മുന്നിൽ പാപികൾ പെരുകുകതന്നെയാണ്. അവരെല്ലാം ആത്മാർത്ഥമായി കുമ്പസാരിക്കുകയാണെങ്കിൽ ഓരോരുത്തരുടെ കുമ്പസാരം ഒരേയിരിപ്പിൽ വർഷങ്ങളോളം നീണ്ടുപോയേക്കാം. പക്ഷേ ദൈവത്തിന്റെ മഹത്വം വർണിക്കുന്ന ഒരാകാശത്തിനു കീഴെ ഭൂമി എന്നും ഇരുണ്ടതായിരിക്കില്ല”.


 *ആഖ്യാനഭാഷ* 


നോവലിലെ ആഖ്യാനഭാഷയ്ക്ക് വലിയ സവിശേഷതയുണ്ട്. വാങ്മയചിത്രം സാധ്യമാക്കുന്നതോടൊപ്പം നോവലിന്റെ പ്രമേയവും ഘടനയും ആഖ്യാനവും ദർശനവും ഭാഷ തന്നെയായി ആയുസ്സിന്റെ പുസ്തകത്തിൽത്തീരുന്നു. ബിബ്ലിക്കൽ ഭാഷാശൈലി നോവലിന്റെ പലേടങ്ങളിലും ഉണ്ട്. കഥാന്തരീക്ഷത്തിനു അത് മിഴിവ് പകരുന്നു. ബൈബിളിൽനിന്നുള്ള ഭാഗങ്ങളുടെ സ്വീകരണവും കൃത്യമായ ഉപയോഗവും കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾ പ്രതിഫലിപ്പിക്കാൻ ഏറെസഹായിച്ചിട്ടുണ്ട്. നോവലിൽ പ്രകൃതിയൊരു ഭാഷയായിമാറുന്നു. കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങൾ, വികാരങ്ങൾ ആവിഷ്കരിക്കാൻ പ്രകൃതിഘടകങ്ങളെ സവിശേഷമായി രചയിതാവ് ഉപയോഗിച്ചിരിക്കുന്നു. 

“വൃക്ഷത്തിനു പ്രത്യാശയുണ്ട്, അത് മുറിക്കപ്പെട്ടാൽ പിന്നെയും പൊട്ടിക്കിളിർക്കും, ഇളം കൊമ്പുകൾ വളർന്നുവരും, അതിന്റെ വേര് നിലത്തുകിടന്നു പഴകിയാലും , കുറ്റി മണ്ണിൽ ജീർ ണിച്ചുപോയാലും വെള്ളത്തിന്റെ ശ്വാസമേൽക്കുമ്പോഴേ അത് കിളിർക്കും. പുതിയ തൈ പോലെ അത് തളിരുകൾ പുറപ്പെടുവിക്കും.മനുഷ്യൻ നഗ്നനായി ദ്രവിക്കുമ്പോൾ അവൻ പിന്നെ എവിടെയാണ്”?

ആയുസ്സിന്റെ പുസ്തകത്തിൽ മഴയുടെ സാന്നിധ്യം എടുത്തുപറയേണ്ടതാണ്. കഥാപാത്രങ്ങളോടൊത്ത് അത് സഞ്ചരിക്കുന്നുണ്ട്. “റാഹേലിന്റെ ജാലകത്തിനുപുറത്തും ഈ മഴ പെയ്യുന്നുണ്ടാവണം” എന്നതായിരിക്കും ആ ജാലകത്തിന്റെ നിറം? മഞ്ഞ? നീല? ഒരുപക്ഷേ, അതു നിറമൊന്നുമില്ലാത്ത ജാലകമായിരിക്കും.ചുവരുകൾക്കും നിറമുണ്ടാവില്ല. അതു നിറമില്ലാത്ത ഒരു കെട്ടിടമായിരിക്കും.പുറത്തു മഴപെയ്യുമ്പോൾ തന്റെ നിറമില്ലാത്ത ജാലകത്തിനടുത്ത് വന്ന് നിൽക്കുമോ റാഹേൽ”. കാറ്റും തണുപ്പും ഇലയനക്കങ്ങളും മരക്കൂട്ടങ്ങളും മണ്ണും പാറകളും കുന്നും ജാലകങ്ങളും പുൽനിരകളുമൊക്കെ ഭാഷയായിമാറിത്തീരുന്നുണ്ട്. ഒരേ സമയം ആയുസ്സിന്റെ പുസ്തകത്തിനുള്ളിലെ ഒരംശമായും ഭാഷയായും വർത്തിക്കുന്നു.




 *കാമനകളുടെ ലോകം* 


നോവലിന്റെ രത്നച്ചുരുക്കം പൗലോയുടെ വാക്കുകളിൽ ലീനമാണ്. “പക്ഷേ പാപിയല്ലാത്ത ആരുണ്ടിവിടെ. എല്ലാവരും പാപികൾ തന്നെ. ജീവിതത്തെ അർഥമുള്ളതാക്കുക ചിലപ്പോൾ പാപത്തിന്റെ നിമിഷമായിരിക്കും. എനിക്കത് അങ്ങനെയൊരു നിമിഷമായിരുന്നു”. ജീവിതത്തെ അർഥമുള്ളതാക്കുവാൻ അതിന്റെ സ്വാഭാവികതയോട് ചേർന്ന് ജീവിക്കാനാഗ്രഹിച്ച കഥാപാത്രങ്ങളെയാണ് ഇതിൽ നാം കാണുന്നത്. മുറിവേറ്റവരാണ് അതിൽ കൂടുതൽപ്പേരും. രതിയെ ഒളിഞ്ഞും തെളിഞ്ഞും ഉപാസിക്കുന്നവരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. ജീവിതം അപ്രവചനീയതളുടെ ഘോഷയാത്രയാണ്. വിശ്വാസങ്ങളുടെ തകർച്ചയാണ്. ഉന്മാദത്തിന്റെ ആലാപനമാണ്. മനുഷ്യന്റെ ആസക്തിക്കുമുന്നിൽ എല്ലാം അപ്രസക്തമാകയാൽ രാഷ്ട്രീയവും പുരോഗമനവും നോവലിൽ ദർശിക്കാനാവില്ല. ഈ നോവൽ ആത്മാവുകളുടെ കലാപമാണെന്ന് പറയാം. ഉടലുണ്ടെങ്കിൽ അതിന്റെ കാമനകളെ തൃപ്തിപ്പെടുത്താനുമാകണം. അങ്ങനെ തൃപ്തി നേടിയ അഥവാ പരാജിതരായ വ്യക്തികളിൽ നിന്നും വ്യക്തികളിലേക്ക് ദേശാന്തരം നടത്തുന്ന മനസ്സുകളുടെ ആവിഷ്കാരമാണ് സി വി ബാലകൃഷ്ണൻ നടത്തുന്നത്. കാമനകളുടെ പൂർണ്ണതയാണ് ഏവരും കൊതിക്കുന്നത്. ഇതിലെ എല്ലാ കഥാപാത്രങ്ങളും സ്ത്രീയായാലും പുരുഷനായാലും കാമനകൾ തേടി സഞ്ചരിക്കുന്നവരാണ്. അത് പൗലോയിൽ ആരംഭിക്കുന്നു. തോമാ, മേരി, ബ്രിജിത്താമ, സാറ, സിസ്റ്റർമാർ, റാഹേൽ, യോഹന്നാൻ, മാത്യു, ലോഹിതാക്ഷൻ, ആനി- ഈ കഥാപാത്രങ്ങളൊന്നും കാമനകളിൽനിന്നും ആസക്തിയിൽനിന്നും മുക്തരല്ല. ഏവരെയും ആസക്തികൾ ചൂഴ്ന്നുനിൽക്കുന്നു. ഈ പരിതഃസ്ഥിതിയിൽ ആയുസ്സിന്റെ പുസ്തകം എന്ന നോവൽ ആത്മാക്കളുടെ സങ്കീർത്തനമാകുന്നു.


ആയുസ്സിന്റെ പുസ്തകത്തിൽ കാണുന്ന മനുഷ്യർ പല ജീവിതയാഥാർഥ്യങ്ങളിലൂടെ കടന്നു പോകുന്നവരാണ്. പല പ്രായമുള്ളവർ, പല ചിന്തകളുള്ളവർ, പല ജോലിചെയ്യുന്നവർ, സ്വപ്നങ്ങളുള്ളവർ, ആഗ്രഹങ്ങളുള്ളവർ, കാമനകളുള്ളവരാണെല്ലാം. ഒരായുസ്സിൽ മനുഷ്യൻ കടന്നുപോകേണ്ടിവരുന്ന എല്ലാത്തരം അവസ്ഥകളിലൂടെയും കഥാപാത്രങ്ങൾ യാത്രചെയ്യുന്നുണ്ട്. ഡിഫ്തീരിയ ബാധിച്ചു മരിച്ച കൊച്ചുറോസ മുതൽ എഴുപത്തിമൂന്നാം വയസ്സിൽ ആത്മഹത്യ ചെയ്ത പൗലോ വരെ അതിൽ ഉൾപ്പെടുന്നു. സ്നേഹത്തിന്റെ ആർദ്രത ലഭിക്കാത്തതുകൊണ്ട് ശുഷ്കിച്ചുപോയ ജീവിതങ്ങളുമുണ്ട്. ആസക്തികൾക്കു കീഴ്പ്പെട്ടവരുണ്ട്. പരസ്പരം അറിയാതെ പോയവരുമുണ്ട്. ഇത്തരത്തിൽ ഒരു മനുഷ്യായുസ്സിന്റെ എല്ലാത്തരം അവസ്ഥകളെയും എടുത്തുകാട്ടുന്നതാണ് ആയുസ്സിന്റെ പുസ്തകം. മനുഷ്യായുസ്സിനൊരു ആമുഖമായി അത് മാറുന്നതും അപ്രകാരമാണ്.

2023 ജനുവരി 8, ഞായറാഴ്‌ച

 

ഇനിയുമിങ്ങനിങ്ങനെ... 

ഭാഷണത്തിന്റെ കൗതുകങ്ങളിലൂടെ താല്പര്യങ്ങളുടെ തുറയിൽ.
എഴുത്തിലെ ഒളിച്ചുകളിയും
ചിന്തകളുടെ സഞ്ചാരവും
തുടർച്ചയുടെ രസച്ചരടായി.
വാക്കിന്റെ നാവിലൂറിയ ആത്മങ്ങൾ
തുറവിയുടെ പാലം പണിതു.
പാട്ടനുഭവങ്ങൾ, മഴയോർമ്മകൾ 
മനമിൻ കുളിരായി.
ചെറുപിണക്കങ്ങൾ, മൗനങ്ങൾ അറിയലിനഴകായി.
സൗഹൃദം ഇടങ്ങൾ തിരഞ്ഞുപിടിച്ചു.
നഷ്ടപ്പെട്ട തണുപ്പിന്റെ ഓർമ്മകൾ മറന്ന്...
ഇനിവരാത്ത രാവിന്റെ ചിത്രങ്ങൾ മായ്ച്ച്..
പ്രണയം ചുംബിച്ചു.
കുത്തകലങ്ങൾ വാചാലമായി.
കൈകോർത്ത് ഇനിയുമിങ്ങനിങ്ങനെ.....

2022 ഡിസംബർ 4, ഞായറാഴ്‌ച

നഷ്ടപ്പെട്ട നീലാംബരി - മാധവിക്കുട്ടി ( വായന )

 നഷ്ടപ്രണയത്തിലൂടെയുള്ള സ്വത്വാന്വേഷണം....✨



"മധുരയെപ്പറ്റി സംസാരിക്കുമ്പോൾ സുഭദ്രേ നീ മറ്റൊരാളായി മാറുന്നു "




നഷ്ടപ്രണയത്തിന്റെ തീവ്രാനുഭവങ്ങൾ ആവിഷ്ക്കരിക്കുന്ന മാധവിക്കുട്ടിയുടെ പ്രശസ്തമായ കഥയാണ് ' നഷ്ടപ്പെട്ട നീലാംബരി '. കാലം സമ്മാനിച്ച ജീവിതവഴികളിലൂടെ സുഭദ്ര എന്ന കഥാപാത്രം യാത്ര നടത്തുന്നുണ്ടെങ്കിലും പലപ്പോഴും ഇടറിവീണു പോവുന്നു. തനിക്ക് താനാവാതെ കഴിയേണ്ടി വരുന്നു. ഈ അവസ്ഥയ്ക്ക് നിദാനമായ സംഭവത്തെ കേന്ദ്രീകരിച്ചാണ് ' നഷ്ടപ്പെട്ട നീലാംബരി ' വികസിക്കുന്നതും മറ്റു ജീവിതയാഥാർഥ്യങ്ങളെ  സ്പർശിക്കുന്നതും.


ശാസ്ത്രീകളോടുള്ള സുഭദ്രയുടെ തീക്ഷ്ണമായ പ്രണയം സാക്ഷാത്ക്കരിക്കപ്പെടാതെ പരാജിതയാവുന്നു. അത് അവളെ മധുര എന്ന പറുദീസയിൽ നിന്ന് പുറത്താക്കുന്നു. പുതിയ ഒരു ജീവിതം ആവശ്യപ്പെടുന്നു. എന്നാൽ അതിനോട് സമരസപ്പെട്ടുപോവാൻ അവൾക്കാവുന്നില്ല. കൃത്രിമമായ വ്യക്തിത്വവും പേറി അവൾ ജീവിക്കുന്നു.


കഥയിൽ ഇരുവരുടെയും ദാമ്പത്യജീവിതത്തിന്റെ കൃത്യമായ ഒരു ചിത്രം നാം കാണുന്നു. മേനോൻ ആഗ്രഹിക്കുന്നതുപോലെ ഒരു ഭാര്യയാവാൻ സുഭദ്രയ്ക്കും സുഭദ്ര ആഗ്രഹിക്കുന്നതുപോലെ ഒരു ഭർത്താവാകാൻ മേനോനും സാധിക്കുന്നില്ല.


"നീ നൂറു ശതമാനം ആത്മാർത്ഥത പുലർത്തുന്നത് നിന്റെ രോഗികളോട് മാത്രമാണ് "

എന്ന് മേനോൻ പത്നിയോട് പരിഭവപ്പെടുന്നുണ്ട്.


തീവ്രമായ പ്രണയമാണ് ആത്മാർത്ഥതയെ സൃഷ്ടിക്കുന്നത്. അവ തന്നെയാണ് ആഗ്രഹങ്ങളെ ഉത്പാദിപ്പിക്കുന്നതും. സുഭദ്ര ജോലിയിൽ തികഞ്ഞ ആത്മാർത്ഥത പുലർത്തുന്നത് ഇക്കാരണത്താലാണ്. അകന്നുപോയ പ്രണയസ്മരണകളെ അതിജീവിക്കുന്നതും ഈ വഴിയിലൂടെയാണ്. എന്നാൽ ഈ സത്യസന്ധമായ ഇടപെടൽ ഭർത്താവുമായി സുഭദ്രയ്ക്ക് സാധ്യമാകാത്തത് ആഴമേറിയ പ്രണയത്തിന്റെ അഭാവം കൊണ്ടാണെന്നത് തീർച്ച. മനസ്സുകൊണ്ട് ഭാര്യയെ സ്വന്തമാക്കാൻ കഴിയാതെപോയ ഭർത്താവാണ് മേനോൻ. അതയാളെ വളരെ പോസ്സസീവായ, സന്ദേഹിയായ ഭർത്താവാക്കിത്തീർക്കുന്നു. ശ്രീകോവിലിൽ വിഗ്രഹദർശനത്തിനായി ശ്രമിക്കുമ്പോൾ ഏതെങ്കിലും പുരുഷൻ തന്റെ തന്റെ ഭാര്യയെ അറിയാതെ തന്നെ സ്പർശിച്ചുപോയാൽ മേനോൻ കയർക്കുന്നത് ഇതിനുദാഹരണമാണ്.


മേനോനോടൊപ്പം തന്നെ ചേർത്തുവച്ചു വായിക്കേണ്ട ഒരു കഥാപാത്രമാണ് ശാസ്ത്രികളുടെ പത്നിയായ ജ്ഞാനം. ഭാര്യയുടെ പ്രണയത്തെക്കുറിച്ചുള്ള അജ്ഞതനിമിത്തം നിസ്സഹായനായിത്തീരുന്ന മേനോനിൽ നിന്ന് വ്യത്യസ്തമായി സുഭദ്രയുടെ പ്രണയത്തെക്കുറിച്ചുള്ള അറിവ് മൂലം ചിത്തഭ്രമത്തിനടിമയായിത്തീരുകയാണ് ജ്ഞാനം. " സുഭദ്രയ്ക്ക് മാത്രമേ ധ്യായാമി പഠിപ്പിച്ചുകൊടുത്തിട്ടുള്ളൂ " എന്നും " മഹേശ്വരസ്തുതി പഠിക്കാനുള്ള പക്വത നിനക്കായിട്ടില്ലെന്നും " ജ്ഞാനത്തോട് ശാസ്ത്രികൾ പറയുന്നതിൽ ഊഹിച്ചെടുക്കാമല്ലോ എല്ലാം.


പ്രണയം കൊണ്ട് മുറിവേറ്റ ഒരു കൂട്ടം മനുഷ്യരെ ഈ കഥയിൽ കാണാനാവും. എന്നാൽ നഷ്ടപ്രണയത്തിലൂടെ സ്വന്തം സ്വത്വം ഇല്ലാതായ വ്യക്തിയാണ് സുഭദ്ര. കാരണം മുപ്പത്തിമൂന്നു വർഷങ്ങൾക്കുശേഷം മുല്ലയും പിച്ചകവും മണക്കുന്ന തെരുവുകളിൽ, മധുരമീനാക്ഷിക്ഷേത്രത്തിന്റെ തണുത്ത അകത്തളങ്ങളിൽ അവൾ അന്വേഷിച്ചത് നീലാംബരിയെ മാത്രമായിരുന്നില്ല. തന്റെ സ്വത്വം തന്നെയായിരുന്നു. എന്നാൽ കഥാന്ത്യത്തിൽ ആ സ്വത്വത്തിലേയ്ക്ക് പ്രവേശിക്കാനുള്ള സാഹചര്യം വന്നുചേർന്നെങ്കിലും അവ നേടാനാവാതെ ഏൽപ്പിക്കപ്പെട്ട ജീവിതകടമകളെ ആശ്ലേഷിച്ചു മുന്നോട്ടു പോവുക എന്ന ജീവിതാഹ്വാനത്തിന്റെ ആജ്ഞാനുവർത്തിയായിത്തീരുന്നു കഥാനായിക.



               

2022 ഡിസംബർ 3, ശനിയാഴ്‌ച

കഥ


 ഒരു ആത്മഹത്യക്കുറിപ്പ്..... ( കഥ )


ഉള്ളിലെ നൊമ്പരം ഇല്ലാതാക്കാൻ ഇതല്ലാതെ വേറെ വഴിയില്ല എന്ന നിസ്സഹായത അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചു . ഇളം ചാരനിറമുള്ള ഫാനിലെ പൊടിതട്ടി അന്ത്യകർമ്മങ്ങളിലേക്ക് അവൻ കടന്നു.കെട്ടാനുള്ള തുണിയുടെ നിറം തനിക്കിഷ്ടമുള്ള ആകാശനീലിമ തന്നെ വേണമെന്ന നിർബന്ധം അലമാരിയിലെ അച്ചടക്കം ഇല്ലാതാക്കി. പരസ്പരം പ്രണയിച്ചുകൊണ്ടിരുന്ന ചുവന്ന ചുരിദാറും കറുത്തഷർട്ടും ആ വേർപെടുത്തലിൽ താഴെക്കിടന്നുകൊണ്ട് ആത്മഹത്യകാരനെ നോക്കി ശാപവാക്കുകളുരുവിട്ടു. ഒത്തിരി പരതിയതിന്റെ ഫലമായി നീലനിറം കൈയിലെത്തി. ഫാനിന്റെ വയസ്സു തീർച്ചവരുത്തി മൂന്നു പ്രാവശ്യം അവനത് കെട്ടി. ശേഷം ഉറപ്പു നോക്കി. പൊട്ടില്ലെന്നുള്ള ഉറപ്പ് വരുത്തി. അടുക്കളയിൽ നിന്ന് രണ്ടു ദിവസം മുൻപ് താൻ പെയിന്റടിച്ചു സുന്ദരനാക്കിയ സ്റ്റൂൾ എടുത്തുകൊണ്ടു വന്ന് കൃത്യസ്ഥലത്ത് വച്ചു. ജോലിയുടെ ഭാഗമായി സ്റ്റൂളിൽ കാല് വയ്ക്കവെ, അവൻ സ്വയം പറഞ്ഞു.


" അയ്യോ!മറന്നുപോയി. കുറിപ്പെഴുതാൻ മറന്നു പോയി".

 അല്ലെങ്കിലും പൂർണ്ണത വരുത്തുന്ന സംഗതികൾ മറക്കുകയെന്നത് തന്റെ സ്ഥിരം സ്വഭാവമാണെന്ന് മഴക്കാറിന്റെ സ്പർശനമേറ്റ മുറിയോട് അവൻ പറഞ്ഞു. മുറി മൗനമവലംബിച്ചു.ബോണ്ട്‌ പേപ്പറിൽ മൾബറിയുടെ ആകൃതിയിലുള്ള അക്ഷരത്തിൽ അവനെഴുതാൻ തുടങ്ങി. ഒഴുക്കില്ലാത്ത ആ ജീവിതത്തെക്കുറിച്ച് ഒഴുക്കോടെ അവനെഴുതി. ഇടയ്ക്ക് അനുവാദം ചോദിക്കാതെ രണ്ടു മൂന്നു കണ്ണുനീർതുള്ളികൾ ആ കടലാസിൽ ചുംബിച്ചു. ഏറെ ദൂരം താണ്ടി വാക്കുകൾ വാക്കുകൾ കടലാസുസീമയ്ക്കരികിലെത്തവെ, വളരെ യാദൃച്ഛികമായി ' യാദൃച്ഛികം' എന്ന വാക്കാകുന്ന കാട്ടാളനുമുന്നിൽ അവൻ ക്രൗഞ്ഛപക്ഷിയെപോലെ പെട്ടുപോയി. അതെഴുതിയതിൽ അക്ഷരതെറ്റുണ്ട് എന്നവന് മനസ്സിലായി. അത് കൃത്യമായി എഴുതണമെന്ന വാശിയുണ്ടായിരുന്നത് കൊണ്ട് ശരിപ്പെടുത്താൻ പലവട്ടം ശ്രമിച്ചു. എന്നിട്ടും നടന്നില്ല. ഒടുവിൽ അയൽക്കാരനായ ഒരു സാഹിത്യകുതുകിയുടെ അടുത്തെത്തി സഹായം അഭ്യർത്ഥിച്ചു. ഉടനടി അത് പരിഹരിക്കപ്പെട്ടു.' യാദ്രശ്ചികം ' 'യാദൃച്ഛിക'ത്തിലേയ്ക്ക് വളർന്നു.


" എന്തിനുവേണ്ടിയിട്ടാണ് " എന്ന അയാളുടെ ചോദ്യത്തിനുമുൻപിൽ " ഒരു കഥ എഴുതുന്നതിന്റെ ഭാഗമായിട്ടാണ് " എന്ന കള്ളം അവൻ തട്ടി വിട്ടു.


 "എനിക്കൊന്നു വായിക്കാൻ തരണം. ദേ, ഇപ്പോൾത്തന്നെ " അയാൾ പറഞ്ഞു.

തരാമെന്നു പറഞ്ഞു ആകെ അസ്വസ്ഥനായി കഥാനായകൻ മുറിയിലെത്തി. അക്ഷരപ്പിഴവ് തിരുത്തി. അവസാനത്തെ വാക്യവും എഴുതി പൂർത്തിയാക്കി. സംശയം തോന്നാതിരിക്കാൻ ഒരു വ്യാജപ്പേരിൽ ഒപ്പുമിട്ടു. എന്നിട്ടയാൾക്ക് കൊടുത്തു. കൈയിൽ കിട്ടിയ ഉടനെ മൂന്നു ദിവസമായി പട്ടിണികിടന്ന് അവസാനം ഭക്ഷണം കിട്ടിയ മനുഷ്യന്റെ കൊതിയോടുകൂടി അയാൾ വായിച്ചു. പേനയുപയോഗിച്ച് അതിൽ എവിടെയൊക്കെയോ പൂർണ്ണവിരാമത്തിനും, ശൃംഖലയ്ക്കും, വിശ്ലേഷണത്തിനും അയാൾ സ്ഥലം നൽകി.


"ടോ, എനിക്കിഷ്ടപ്പെട്ടുട്ടോ. എന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിൽ ഞാനിത് പോസ്റ്റ്‌ ചെയ്യാൻ പോവാ. തന്റെ പേരിൽ. മറുത്തൊന്നും പറയല്ല് "

 അയൽക്കാരൻ വായിച്ച ശേഷം പറഞ്ഞു.

എന്തു പറയണമെന്നറിയാതെ അവൻ കുഴഞ്ഞുനിന്നുപോയി. ആ മൗനത്തെ സമ്മതമാക്കിത്തീർക്കാൻ അയാൾക്ക് ഒട്ടും സമയം വന്നില്ല. തന്റെ സുഹൃത്തായ ഇന്നയാളുടെ രചന എന്ന മുഖവുരയോടെ അത് പോസ്റ്റുചെയ്തു.ഒട്ടേറെ സാഹിത്യഗ്രൂപ്പുകളിൽ അംഗമായിരുന്നതുകൊണ്ടും രണ്ടായിരത്തോളം സതീർഥ്യർ ഉള്ളതുകൊണ്ടും ഫൈവ് ജി നെറ്റിന്റെ മൈലേജോടെ കമന്റുകൾ ഓരോന്നൊന്നായി ഒഴുകി. 'മനോഹരം', 'സുന്ദരം ', 'വീണ്ടും എഴുതുക' എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളും അവയുടെ ഭാവാർത്ഥം ധ്വനിപ്പിക്കുന്ന സ്റ്റിക്കറുകളും അതിൽ നിറഞ്ഞു തുളുമ്പി. പക്ഷെ, അവന്റെ കണ്ണുകൾ ഉടക്കിയത് തനിക്കു ലഭിച്ച പ്രണയത്തിന്റെ വൈവിധ്യമാർന്ന ഇമോജികളിലാണ്. പിന്നെ 'സ്നേഹം മാത്രം ' എന്ന വാക്കിലും.


"ആഹാ! സാധനം കത്തികയറിയല്ലോ " എന്ന് പറഞ്ഞുകൊണ്ട് അയാൾ അവനെ അഭിനന്ദിപ്പിച്ചു. പ്രോത്സാഹിപ്പിച്ചു. കണ്ണു നിറഞ്ഞു തിരികെ വീട്ടിലെത്തിയ കഥാനായകൻ ഫാനിലെ കെട്ട് അഴിച്ചു. സ്റ്റൂൾ പഴയതുപോലെ അടുക്കളയുടെ ഭാഗമായി. മഴക്കാറ് മാറിയ അന്തരീക്ഷം ചെറുവെയിലിനെ മുറിയ്ക്ക് അതിഥിയായി നൽകി. ആത്മഹത്യക്കുറിപ്പെഴുതിയ അന്നുതന്നെ ഒരു ഡയറിക്കുറിപ്പുമെഴുതി.

സന്തോഷവതിയായ പെൺകുട്ടിയുടെ നൃത്തം ( വിവർത്തനം)



 സ്പാനിഷ് ബാലകവിത.

 Poet: Almudena orellana palomares

                                                        (Translation)


സന്തോഷവതിയായ പെൺകുട്ടിയുടെ നൃത്തം...........

   


സന്തോഷവതിയായ പെൺകുട്ടി ഒരു

നക്ഷത്രരാവിൽ നൃത്തം ചെയ്തു.

വെണ്മയാർന്ന ചന്ദ്രനുതാഴെ കാറ്റിന്റെ

കിലുക്കങ്ങളിലൂടെ അവൾ പാറിനടന്നു.


എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?

എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?


നിഷ്കളങ്കമായ ഹൃദയത്തോടുകൂടി ഉള്ളിൽ പൂമ്പാറ്റകളെയും പേറിക്കൊണ്ട്

രണ്ടു മിന്നാരങ്ങൾ പോലെ തിളങ്ങുന്ന കണ്ണുകളാലും

ലോലമായ ചിത്രത്തുന്നലുകൾ പോലുള്ള

കൺപീലികളാലും

സന്തോഷവതിയായ പെൺകുട്ടി നക്ഷത്രരാവിൽ നൃത്തം ചെയ്തുകൊണ്ടിരുന്നു.


 എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?

 എങ്ങനെയാണ് ആ പെൺകുട്ടി നൃത്തം ചെയ്തത്?

'ഒട'യിലെ മിടിപ്പുകൾ (വായന)

  'ഒട'യിലെ  മിടിപ്പുകൾ  ഒൻപത് കഥകൾ,എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.ജീവിതമെന്ന തീക്ഷ്ണയാഥാർഥ്യത്തിന്റെ വിവിധ ഉരിയാട്ടങ്ങൾ അനുഭവതീവ്രതയോ...