'ഒട'യിലെ മിടിപ്പുകൾ
ഒൻപത് കഥകൾ,എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.ജീവിതമെന്ന തീക്ഷ്ണയാഥാർഥ്യത്തിന്റെ വിവിധ ഉരിയാട്ടങ്ങൾ അനുഭവതീവ്രതയോടെ ആവിഷ്ക്കരിക്കുന്നതിൽ യുവഎഴുത്തുകാരി ജിൻഷ ഗംഗ വിജയിച്ചിരിക്കുന്നു. സ്വത്വം, അന്തർമുഖത്വം, ഭയം, താൻപോരിമ, വിപ്ലവം, ശാക്തീകരണം,പ്രണയം, വേദന, പ്രതിഷേധം,തിരുത്ത്, എന്നിങ്ങനെ ജീവിതത്തെ ചൂഴ്ന്നു നില്ക്കുന്ന ഘടകങ്ങളുടെ കൊളാഷാകുന്നു 'ഒട' എന്ന കഥാസമാഹാരം. ഭാഷയും ആഖ്യാനവും പൊള്ളിക്കുന്ന കനല് തന്നെ.
1.ഒട
" ചില രാത്രികള് പണിക്കര് ഓരോ തോറ്റം ചൊല്ലും. അപ്പോഴൊക്കെ അപ്പനും അപ്പാപ്പനും സ്വപ്നത്തിൽ ആ തെയ്യങ്ങളായി വരും"
തെയ്യത്തിന്റെ തന്മകളിൽ കുടിയിരുന്ന് തീച്ചാമുണ്ഡി കെട്ടിയാടിയ രാമൻപണിക്കരുടെ ജീവിതമാണ് 'ഒട '. അതിൽ തെളിയുന്ന പലമകൾ യാഥാർഥ്യത്തിന്റെ മേലേരികളാണ്. തെയ്യത്തിന്റെ ചരിത്രം, കാലഗതിയിൽ അതിനു സംഭവിച്ച മാറ്റം, ആചാരവിശേഷങ്ങൾ, ആധിപത്യപ്രവണതകൾ എന്നിവ ആഖ്യാനത്തിൽ കാണാം.അനുഷ്ഠാനകർമ്മമെന്നതിനപ്പുറം തന്റെ സ്വത്വത്തിന്റെ ഭാഗം കൂടിയാണ് രാമപണിക്കർക്ക് തെയ്യം(തീച്ചാമുണ്ഡി). "അതൊന്നും പറഞ്ഞാ നിനക്ക് തിരിയൂല", "ചെണ്ടയുടെയും ചിലമ്പിന്റെയും ഒച്ചയില്ലാതെ, തോറ്റം പാട്ടിന്റെ അകമ്പടിയില്ലാതെ, കോട്ടത്തിന്റെ പടികൾ കേറുമ്പോൾ പണിക്കരുടെ കണ്ണ് നിറഞ്ഞു"- സൂചിപ്പിക്കുന്നതതാണ്. പലപ്പോഴും സ്വത്വ-സത്യഉരിയാട്ട ബിംബങ്ങളാവുന്നുണ്ട് കഥാപാത്രങ്ങൾ. വെണ്ണീറ് ചുവയ്ക്കുന്ന ചുമയുമായി കനലാട്ടം നടത്തുന്നവരുടെ ഹൃദയചിത്രം 'ഒട'യുടെ മിടിപ്പാണ്. വിശദാoശങ്ങളിലുള്ള ശ്രദ്ധ,ഇരുത്തം വന്ന ഭാഷ, ഉള്ളടക്കനില,പാത്രസൃഷ്ടി എന്നിവ ആഖ്യാനത്തെ മികവുറ്റതാക്കുന്നു.
2.അഗ്രസന്ധനി
" തലവേദന വന്നിട്ട് എന്റെ അറിവില് ആരും മരിച്ചിട്ടില്ല "
മരണങ്ങളെക്കുറിച്ചും മരണകാരണങ്ങളെ ക്കുറിച്ചും ഭ്രാന്തമായ ആവേശത്തോടെ ഗവേഷണം നടത്തുന്ന വായനപ്രിയനായ റിട്ടേർഡ് സ്റ്റെനോഗ്രാഫർ. എങ്ങനെ അയാൾ അതിലേയ്ക്ക് എത്തപ്പെട്ടു ?മുഖത്ത് നിറഞ്ഞ ദുഃഖം തിളക്കമായി രൂപാന്തരപ്പെടണമെങ്കിൽ ഒരു ഉന്മാദവസ്ഥയിലായിരിക്കണം. മരണത്തിന്റെ ചുരുക്കെഴുത്തുക്കൾ പഠിക്കാനുള്ള വ്യഗ്രതയോ ? അതോ തന്റെ ചെറിയ ലോകത്തിലെ മനുഷ്യർ ( റഹീം, ലൈബ്രറിയിലെ പെൺകുട്ടി) മരണപ്പെട്ടതിന്റെ പിരിമുറുക്കം മറക്കാനുള്ള ശ്രമമോ? വായന ബന്ധിപ്പിച്ച പരിചിതരുടെ വിയോഗനവേദന വായനയാൽ പ്രതിരോധിക്കുന്ന തന്ത്രം സ്റ്റെനോഗ്രാഫറിൽ കാണാം.പിന്നീടുള്ള അയാളുടെ വായനയുടെ വിഷയം മരണമാകുന്നു.ഒരന്തർമുഖന്റെ മാനസികസംഘർഷങ്ങൾ, മനോചിന്തകൾ കൃത്യമായി വരച്ചിടുന്നു 'അഗ്രസന്ധനി'
3.ഉമ്പാച്ചി
"ഓള് അടുക്കളേല് കേറിയാ പൂച്ച കേറിയത് മാതിരിയാ. ഒച്ചയും അനക്കോം ഇല്ല..."
'ഉമ്പാച്ചി'യിലും മരണം കടന്നുവരുന്നുണ്ട്.മറ്റൊരു മുഖമാണെന്ന് മാത്രം.പ്രഭാകരന്റെയും ചന്ദ്രിയുടെയും മകളായ ജാനൂട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുക്കുന്നു. ചന്ദ്രിയുടെ വാക്കിനാൽ പോലീസ് ഉമ്പാച്ചിയുടെ ആങ്ങളയെ അറസ്റ്റ് ചെയ്യുന്നു.കഥയെ മറ്റൊരു പ്രതലത്തിലേയ്ക്കെത്തിക്കുന്നത് കുറിഞ്ഞിയെയും കണ്ടനെയും തിരിച്ചറിഞ്ഞ് ഉമ്പാച്ചി നടത്തുന്ന കൊലപാതകമാണ്. സത്യത്തിന്റെ മുഖങ്ങൾ കാഴ്ച്ചകളിലൂടെ, സൂചനകളിലൂടെ, കഥാപാത്രസംഘർഷങ്ങളിലൂടെ ആവിഷ്കൃതമാകുന്നു.കഥനം തടസ്സങ്ങളേതുമില്ലാതെ ഒഴുകുന്നു.
4.വിസെലിറ്റ്സ
"എല്ലാ വിപ്ലവോം തൊടങ്ങണത് ഇവിടന്നാ സാറേ.... ഈ മണ്ണില് കൊറേ കൊറേ വിപ്ലവങ്ങള് ജനിച്ചിട്ടുണ്ട്. വിപ്ലവകാരികള് പിടഞ്ഞുതീർന്നിട്ടിട്ടുണ്ട്... ഈ ജയിലല്ലേ സാറേ, മറ്റുള്ളോരുടെ ജീവിതങ്ങള് എഴുതാനുള്ള ഏറ്റോം നല്ല സ്ഥലം..."
ജയിലാണ് കഥാപരിസരം.'ഉമ്പാച്ചി'യിൽ കൊലപാതകത്തിന് കൂട്ടുനില്ക്കുന്ന പ്രഭാകരനല്ല.'വിസെലിറ്റ്സ'യിലെ കൊലപാതകിയായ പ്രഭാകരൻ. എഡിറ്റരെ മർദ്ദിച്ച് ജയിൽപുള്ളിയാകുന്ന തിലക് രാജ എന്ന എഴുത്തുകാരന്റെ മാറുന്ന കാഴ്ച്ചപ്പാടുകളും കണ്ണൂർജയിലിന്റെ രാഷ്ട്രീയചരിത്രവും ഇതിൽ പ്രതിപാദ്യവിഷയങ്ങളാവുന്നു.പ്രഭാകരൻ - തിലക് രാജ വർത്താനങ്ങളിലൂടെ വെളിപ്പെടുന്ന ജീവിതയാഥാർഥ്യങ്ങളുടെ, വസ്തുതകളുടെ ആകെത്തുകയാണ് വിസെലിറ്റ്സ. കഥാന്ത്യത്തിൽ തിലക് രാജ കാണുന്ന സ്വപ്നം അയാളുടെ തന്നെ കുറവിനെ എടുത്തുകാണിക്കുന്നതാണ്. അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന നിറവ് സർഗാത്മകമാണ്. മാനവികമാണ്.ഒപ്പം നവപ്രസാധകരുടെ, എഡിറ്റേഴ്സിന്റെ ആരോഗ്യകരമായ സമീപനങ്ങളെ, നിലപാടുകളെ വാഴ്ത്തുന്നുമുണ്ട് ഈ കഥ.
5.തെയ് തെയ് വാഴ്ക
ഭർത്താവായ ബേബിച്ചന്റെ നിരന്തര ഇകഴ്ത്തലുകളെ വല്യമ്മച്ചിയുടെ മനോഹരമായ ഓർമ്മകളിലൂടെ യാത്രചെയ്ത് ശക്തിയാർജ്ജിക്കുകയാണ് ഗ്ലാഡീസ്. "പെമ്പിള്ളേര് പഠിക്കട്ടെ തൊമ്മിച്ചാ.... അവറ്റകൾക്കും കൂടിയൊള്ളതല്ലിയോ സ്വപ്നങ്ങളും ആഗ്രഹങ്ങളുവൊക്കെ. അവറ്റോൾക്ക് പൂതി തീരണവരെ അവറ്റോള് ഒറ്റയ്ക്ക് ജീവിക്കട്ടെ..." എന്ന വല്യമ്മച്ചിയുടെ ഡയലോഗിലുണ്ട് കഥ മുന്നോട്ട് വയ്ക്കുന്ന ആദർശം.സമത്വചിന്തകൾക്കുമേൽ ഇപ്പോഴും അടയിരിക്കുന്ന പുരുഷമേധാവിത്വത്തിന്റെ എല്ലാ പ്രവണതകളെയും വിമർശനവിധേയമാക്കുന്ന ആഖ്യാനത്തിന്റെ മറുവശത്ത് ആഗ്രഹങ്ങളെ ബലികഴിക്കേണ്ടിവന്ന സ്ത്രീജീവിതത്തിന്റെ നിസ്സഹായതയുമുണ്ട്."ബേബിച്ചാ... എനിക്കേ എനിക്കും അങ്ങോട്ട് പോണം.നിങ്ങടെയൊക്കെകൂടെ മാർഗ്ഗം കളിക്കണം.. " എന്ന് പറയുന്ന സ്വാശ്രയത്വബോധത്തിന്റെ ഗ്ലാഡീസുമാർ തെയ് തെയ് വാഴ്ക...
6.ഉപ്പ് "
നിന്റെ ശരീരം മുഴുവൻ ഉപ്പാണ്..""
നിന്റെ ശരീരം തൊടാൻ എനിക്ക് പേടിയാണ് "
ചുംബനത്തിലൂടെ തന്റെ പ്രണയത്തിന്റെ ഉറവയെ ഒഴുക്കിവിടാനാഗ്രഹിച്ച വിപഞ്ചികാ കൃഷ്ണൻ.ബാലപീഡനത്തിന്റെ ഉപ്പുരസ ഓർമ്മകളിൽ ജീവിതവർണ്ണങ്ങൾ ആസ്വദിക്കാനാവാതെ പോയ ആനന്ദ്.തീർത്തും പൊള്ളിപ്പിക്കുന്ന ഒന്നാണ് 'ഉപ്പ്'. കാമുകനിൽ നിന്നുണ്ടായ അവഗണനയുടെ കാരണം വൈകിയറിയുന്ന കഥാനായികയുടെ തീവ്രവേദനയ്ക്ക് സമാന്തരമായി വായനക്കാരനുമുണ്ട്. ഒരു ആൺകുട്ടിയുടെ അമർത്തിപ്പിടിച്ച കരിച്ചിൽ അവരുടെ അടിവറ്റിലേയ്ക്കും നൂണ്ടിറങ്ങുന്നുണ്ട്.കഥാപാത്രങ്ങളുടെ മാനസികവ്യഥകൾ സൂക്ഷ്മമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള വികാരസാന്ദ്രമായ അന്തരീക്ഷനിർമ്മിതി കഥപറച്ചിലിന്റെ മാറ്റ് വർധിപ്പിക്കുന്നു.'ഉപ്പി'ന്റെ അവസാനതാൾ മറിച്ചുകഴിയുന്ന ഓരോ വായനക്കാരനും ആഗ്രഹിക്കുന്നു."വിയർപ്പിന്റെ രുചി മധുരമായിരുന്നെങ്കിൽ"എന്ന് .
7.ചാപ്പ
" പാവപ്പെട്ടവനെയൊക്കെ പ്രലോഭിപ്പിച്ച് കാര്യം കാണുന്നോരുടെയൊക്കെ കാലം ഇല്ലാണ്ടാവും. ഈ ചൂഷണം ചെയ്യപ്പെട്ടോര് തലയുയർത്തി ചോദ്യങ്ങള് ചോദിക്കുന്ന കാലാ ഇനി വരാൻ പോകുന്നത്... "
രണ്ട് പേരുടെ കണ്ണീര് വീണ മണ്ണിന്റെ ചരിത്രവും ആ മണ്ണിൽ ജീവിക്കുന്ന മനുഷ്യരുടെ വർത്തമാനവും രേഖപ്പെടുത്തുന്നതാണ് 'ചാപ്പ'.ഉറ്റ ചങ്ങാതി അന്ത്രൂന്റെ വീട്ടിൽ നോമ്പുതുറയ്ക്ക് രാഘവൻ പോയ രാത്രിയിലാണ് തന്റെ ആടിനെ കാണാതാവുന്നത്. വീട് നിൽക്കുന്ന സ്ഥലത്തിന് എന്തോ കുഴപ്പമുണ്ടെന്നു പറയുന്ന ഭാര്യ മാജിദയുടെ ആശങ്ക അയാൾ കുഞ്ഞപ്പയോട് പങ്കുവയ്ക്കുന്നു.സ്ഥലചരിത്രം ഉത്തരമാകുന്നു.ഇന്നും തുടർന്നുപോകുന്ന ചൂഷണസമീപനത്തിന്റെ, ഉച്ചനീചത്വങ്ങളുടെ ചിത്രം തുറന്നുകാട്ടുന്ന കഥ അന്ധവിശ്വാസത്തെ പ്രതിഷേധസ്വരത്തിന്റെ, പ്രതികരണശക്തിയുടെ വായ്ത്തലയാൽ ഉടയ്ക്കുന്ന ആത്മവീര്യം എടുത്തുകാട്ടുന്നുണ്ട്.
8.അതിര്
"എന്റെ ഗാന്ധിജീനേം ഞങ്ങള് ഇന്ത്യക്കാരേം കുറ്റം പറഞ്ഞ് എന്റെ പറമ്പില് ഇനീം നിക്കാനാ നിന്റെ ഉദ്ദേശവെങ്കില്, പിന്നൊരിക്കലും നിന്റെ കൂട്ടര് നിന്നെ ജീവനോടെ കാണുകേലാന്ന്. ആരേലും അത് ചോദിക്കാൻ ഇങ്ങോട്ട് വന്നാ എന്റെ അതിര് കടന്ന് അവർ തിരിച്ചു പോവുകേലാന്ന് "
"നിനക്ക് കിടിലനൊരു കവർസ്റ്റോറി അവിടുന്ന് കിട്ടും "എന്ന കൂട്ടുകാരിയായ ജെനിയുടെ ഒരൊറ്റ വാട്ട്‌സാപ്പ് മെസ്സേജിന്റെ പിൻബലത്തിൽ കുന്നിൻമോളിലെ വീട് ലക്ഷ്യമാക്കി നീരജ ഇറങ്ങുന്നു. കഥകിട്ടുന്നു. പ്രധാനകഥാപാത്രം ഗാന്ധിജിയുടെ കട്ട ഫാനായ അച്ചാമ്മ. അച്ചാമ്മയുടെ ഭർത്താവായ ജോസഫിൽ നിന്ന് നേരിട്ട് കേട്ട സത്യകഥകളിലൂടെ ഇരുവരുടെ പ്രണയവും, നേരിട്ട സങ്കടങ്ങളും, പിന്നിട്ട പാതകളും വെളിപ്പെടുന്നു. അതിലേറ്റവും മുഴച്ചുനിൽക്കുന്ന ഫ്രെയിം കൊച്ചുമകനായ ലാൽ കല്യാണം കഴിച്ചുകൊണ്ടുവന്ന മദാമ്മയ്ക്കു നേരെ തോക്കുചൂണ്ടിനിൽക്കുന്ന അച്ചാമ്മയുടേതാണ്. ആത്മാഭിമാനത്തിന്റെ, സ്വന്തം ഇഷ്ടങ്ങളുടെ, വ്യക്തിത്വത്തിന്റെ ഇടങ്ങളിലേയ്ക്ക് അതിര് ലംഘിച്ചുകയറുന്ന ശക്തികളെ പ്രതിരോധിക്കുന്ന ധൈര്യചിഹ്നമാകുന്നു അച്ചാമ്മ.
9.പെൺമാല
"ആൺകൂട്ടികള് പിറന്നില്ലെങ്കില് അത് ദേവീടെ എന്തേലും കോപം തട്ടിയതുകൊണ്ടാകും. അങ്ങനെ കോപം തട്ടിയ നീ മാല ചാർത്തിയാല് ദേവിക്ക് തൃപ്തിവരൂല."
അപ്പന്റെ മരണശേഷം പാരമ്പര്യമായി കോവിലിലെ കോമരമായ് മാറിയ കരിമ്പന്റെ ദൈന്യങ്ങളാണ് കഥാസാരം."ആദിവാസി പഠിച്ചിട്ടെന്തിനാ ", "കരിമ്പന് ഇനി നാരങ്ങാമാല ചാർത്താൻ അവകാശമില്ല " എന്നീ വാക്യങ്ങളിൽ ജാതി-ലിംഗനീതിയുടെ വിശ്ലഥചിത്രം കാണാം.ഒരു സവിശേഷസമൂഹത്തിനുള്ളിൽ അമാനവികമായ ധാരണകൾ തീർത്തും അപ്രമാദിത്വത്തോടെ നിലനിൽക്കുന്നത് തെറ്റിനെ ശാശ്വതതത്ത്വസംഹിതയായി അവരോധിക്കുന്നത് മൂലമാണെന്ന് പറയാം.'പെൺമാല' എന്ന ശീർഷം ആ തെറ്റിനെ തുരത്തുന്ന ശരിയാണ്.
